“കന്യാസ്ത്രീകളെ വേട്ടയാടുന്നത് ‘സർക്കാർ സ്പോൺസേർഡ് പീഡനം, ന്യൂനപക്ഷ വേട്ട RSSഅജണ്ട ” – കോൺഗ്രസ്

“സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ ഉടനടി നിരുപാധികം വിട്ടയക്കുക.അവർക്കെതിരെ ചുമത്തിയ കെട്ടിച്ചമച്ച എല്ലാ കേസുകളും പിൻവലിക്കുക.സ്ത്രീകളെ ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് സംഭവത്തിൽ ഉൾപ്പെട്ട ബജ്റംഗ്ദൾ പ്രവർത്തകരെ ഉടനടി നിയമനടപടികൾക്ക് വിധേയരാക്കുക.നിരപരാധികളായ പൗരന്മാർക്കെതിരായ ഈ ഗൂഢാലോചനയിൽ പ്രാദേശിക പോലീസിന്റെയും ഭരണകൂടത്തിന്റെയും പങ്ക് അന്വേഷിക്കാൻ ഉന്നതതല ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക.”: ജോജോ തോമസ് : ജനറൽ സെക്രട്ടറി എംപിസിസി
മുംബൈ: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ അന്യായമായി അറസ്റ്റ് ചെയ്ത് തടവിലാക്കിയതിനെതിരെ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (MPCC) ജനറൽ സെക്രട്ടറി ജോജോ തോമസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇത് ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള ലജ്ജാകരമായ പീഡനംആണെന്നും, ബിജെപി സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യമെമ്പാടും ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന സമാനമായ വേട്ടയാടലുകൾ ആർഎസ്എസ് അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ക്രിസ്ത്യാനികളുടെ വോട്ട് നേടാൻ ‘സ്നേഹ യാത്ര’ നടത്തുന്ന ബിജെപി, ഛത്തീസ്ഗഡിൽ തങ്ങളുടെ സർക്കാർ കന്യാസ്ത്രീകളെ വേട്ടയാടി ജയിലിലടയ്ക്കുന്നത് ഇരട്ടത്താപ്പാണെന്ന് ജോജോ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎ ഗോപിചന്ദ് പദൽക്കർ ക്രിസ്ത്യൻ പുരോഹിതർക്കും പാസ്റ്റർമാർക്കുമെതിരെ നടത്തിയ വിദ്വേഷപരമായ പരാമർശങ്ങൾക്കും അക്രമത്തിന് ആഹ്വാനം ചെയ്തതിനും എതിരെ നേരത്തെ പതിനയ്യായിരത്തിലധികം ക്രിസ്ത്യാനികൾ മുംബൈയിലെ ആസാദ് മൈതാനത്ത് പ്രതിഷേധിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന്, ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ മുൻകാല ആക്രമണങ്ങളെയും ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളെയും ജോജോ തോമസ് ഓർമ്മിപ്പിച്ചു. “ഇത്തരം പ്രവൃത്തികൾ വിഭജനത്തിൽ തഴച്ചുവളരുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ വിഷലിപ്തമായ ഫലങ്ങളാണ്,” അദ്ദേഹം പറഞ്ഞു.
ബജ്റംഗ്ദൾ പ്രവർത്തകൻ്റെ കെട്ടിച്ചമച്ച പരാതിയിന്മേലാണ് രണ്ട് നിരപരാധികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇത് നീതിന്യായ വ്യവസ്ഥയുടെ ദുരന്തവും രാജ്യത്തിൻ്റെ മതേതര ഘടനയ്ക്ക് നേരെയുള്ള കടന്നാക്രമണവുമാണെന്ന് ജോജോ തോമസ് ആരോപിച്ചു.. തൊഴിൽ പരിശീലനത്തിനായി പ്രായപൂർത്തിയായ മൂന്ന് ആദിവാസി സ്ത്രീകളെ നിയമപരമായി അനുഗമിക്കുക എന്ന കന്യാസ്ത്രീകളുടെ സേവനത്തെ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവുമാക്കി മാറ്റുന്നത് വിദ്വേഷ രാഷ്ട്രീയത്തിന്റെ പുതിയ തകർച്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിസ്ത്യാനികൾ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന വാദങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. “ഇന്ത്യയിൽ ആയിരക്കണക്കിന് സ്കൂളുകളും കോളേജുകളും ആശുപത്രികളും ക്രിസ്ത്യൻ മിഷണറിമാർ നടത്തുന്നുണ്ട്. മതപരിവർത്തനം വ്യാപകമായി നടക്കുന്നുണ്ടെങ്കിൽ ക്രിസ്ത്യൻ ജനസംഖ്യ കൂടുകയല്ലേ വേണ്ടത്? എന്നാൽ ഔദ്യോഗിക കണക്കുകളിൽ പോലും ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നത്, ബിജെപിയുടെയും സംഘപരിവാർ സംഘടനകളുടെയും വ്യാജപ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നു.
” മതപരിവർത്തനത്തിന് വ്യക്തിപരമായി താൻ എതിരാണെന്നും, ആരെങ്കിലും ബോധപൂർവം അത്തരം ശ്രമം നടത്തിയാൽ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ നിയമവ്യവസ്ഥയെ അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 എല്ലാവർക്കും നൽകുന്ന മതസ്വാതന്ത്ര്യം ആർക്കും കണ്ടില്ലെന്ന് നടിക്കുവാൻ കഴിയില്ലെന്നും ജോജോ ഓർമ്മിപ്പിച്ചു.
ഛത്തീസ്ഗഡിലെ അന്വേഷണത്തിന്റെ വിശ്വാസ്യതയെയും അദ്ദേഹം ചോദ്യം ചെയ്തു. നിയമം കയ്യിലെടുത്ത ആൾക്കൂട്ടത്തിനെതിരെ നടപടിയെടുക്കാത്തതിനെയും, കുറ്റവാളികളെ സംരക്ഷിക്കാൻ നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെയും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് ഈ ആവശ്യങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം തുടരും.
ഈ പോരാട്ടം ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ളതാണ്.ക്രിസ്ത്യൻ സമൂഹത്തിനും എല്ലാ ന്യൂനപക്ഷങ്ങൾക്കും ഉറച്ച ഐക്യദാർഢ്യം മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രഖ്യാപിക്കുന്നതായും ഭരണകൂടത്തിന്റെ സംരക്ഷണത്തോടെ തീവ്രവാദ ശക്തികൾ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ തകർക്കുമ്പോൾ കോൺഗ്രസ് പാർട്ടി നിശബ്ദമായിരിക്കില്ലഎന്നും ജോജോ തോമസ് ഊന്നിപ്പറഞ്ഞു.