മനുഷ്യാവകാശ പ്രവർത്തകൻ വി ബി അജയകുമാർ അന്തരിച്ചു

0
chnadra

തിരുവനന്തപുരം: മനുഷ്യാവകാശ- പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ വി ബി അജയകുമാർ (48) അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ദളിത്, ആദിവാസി, പാർശ്വവൽകൃത സമൂഹങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന റൈറ്റ്സ് എന്ന എൻ ജി ഒയുടെ സ്ഥാപകനാണ്. ഇപ്പോൾ അലയൻസ് ഫോർ ക്ലൈമറ്റ് ഫ്രണ്ട്ലൈൻ കമ്യൂണിറ്റീസ് എന്ന എൻ ജി ഒയുടെ ഗ്ലോബൽ കൺവീനർ ആയി പ്രവർത്തിക്കുകയായിരുന്നു.ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് വരെ കൊടുങ്ങല്ലൂരിലെ വസതിയിലാണ് പൊതുദർശനം. സംസ്ക്കാരം വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ ചപ്പാറ ശ്‌മശാനത്തിൽ നടക്കും. ദളിത് ആദിവാസി പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന റൈറ്റ്സ് (RIGHTS) എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് ചെയർമാൻ ആയിരുന്നു.

കൊടുങ്ങല്ലൂർ സ്വദേശിയായ അജയൻ ദീർഘകാലമായി തിരുവനന്തപുരത്തായിരുന്നു താമസം. ഇന്ത്യയിലെ ദലിത്-ആദിവാസി ജനതയുടെ പ്രശ്‌നങ്ങളെ അധികാരികൾക്കും ലോകത്തിനും മുൻപിൽ എത്തിക്കാൻ പരിശ്രമിച്ചു കൊണ്ടിരുന്ന അജയൻ കുറച്ചു ദിവസങ്ങളായി അസുഖ ബാധിതനായി ചികത്സയിലായിരുന്നു.

നർമ്മദ ബച്ചാവോ അന്തോളൻ, പീപ്പിൾസ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളിൽ പ്രവർത്തനം തുടങ്ങിയ അജയകുമാർ നിരവധി യുഎൻ സമ്മേളനങ്ങളിൽ പാർശ്വവൽകൃത സമൂഹങ്ങൾക്കായി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്‌ത cop 26, cop 28 സമ്മേളനങ്ങളിലും പങ്കെടുത്തു. 2018ലെ പ്രളയകാലത്ത് ദളിത്, തീരദേശ മേഖലകളിലെ വിദ്യാർത്ഥികൾക്കായി നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
സിപിഐയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐഎസ്എഫിലൂടെയാണ് പൊതുരംഗത്തേക്ക് അജയന്‍ കടന്ന് വന്നത്. 1999-2000 കാലത്ത് കേരള വര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥിയായിരിക്കെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിരുന്നു. ഇതേ കാലഘട്ടത്തില്‍ എഐഎസ്‌എഫിന്‍റെ തൃശൂര്‍ ജില്ലാ ജോയിന്‍റ് സെക്രട്ടറി കൂടി ആയിരുന്നു. കേരളത്തിലോ ഇന്ത്യയിലോ മാത്രമായിരുന്നില്ല അജയന്‍റെ പ്രവര്‍ത്തന മണ്ഡലം ലോകമെമ്പാടും അദ്ദേഹം തന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിരുന്നു. നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *