PSC അംഗങ്ങൾക്ക് വൻ ശമ്പള വർദ്ധന

തിരുവനന്തപുരം: സംസ്ഥാനം കടുന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ പിഎസ്.സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും കുത്തനെ കൂട്ടി സർക്കാർ. ചെയർമാന്‍റെ ശമ്പളം 2.26 ലക്ഷത്തിൽ നിന്നും മൂന്നര ലക്ഷം രൂപയാക്കി. അംഗങ്ങളുടേത് 2.23 ലക്ഷത്തിൽ നിന്നും മൂന്നേകാൽ ലക്ഷവുമാക്കി. പെൻഷനിലും വലിയ വർദ്ധനയുണ്ടാകും.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രണ്ടുപ്രാവശ്യം മാറ്റി വച്ച ശുപാർശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ചെയർമാന് ജില്ലാ ജഡ്ജിയുടെ സൂപ്പർ ടൈം സ്കെയിലിന്‍റെ പരമാവധി തുകയ്ക്ക് തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിയുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിൻെറ പരമാവധി തുകയ്ക്ക് തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. ശമ്പളത്തിന് പുറമേ ഡി.എ, വീട്ടുവാടക, സിറ്റിംഗ് ഫീ എന്നിങ്ങനെ ആനുകൂല്യങ്ങളും വേറെയുമുണ്ട്.
ഈ ആനുകൂല്യങ്ങളിലും ഗണ്യമായ വർദ്ധനയുണ്ട്. നിലവിൽ 2.26 ലക്ഷമാണ് പിഎസ് സി ചെയർമാൻെറ ശമ്പളം. ഇത് മൂന്നര ലക്ഷമാകും, അംഗങ്ങളുടേത് 2.23 ലക്ഷത്തിൽ നിന്നും മൂന്നേകാൽ ലക്ഷം രൂപയാകും. ശമ്പള പരിഷ്ക്കരണത്തോടെ പെൻഷനിലും കാര്യമായ വർദ്ധനയുണ്ടാകും. ഭരണ ഘടനാസ്ഥാപനമെന്ന പേരിലാണ് കേന്ദ്രസർക്കാരിൻെറ ശമ്പള പരിഷ്ക്കരണം വേണമെന്ന ആവശ്യം പി.എസ്.സി.മുന്നോട്ടുവച്ചത്.
മുൻകാലപ്രാബല്യത്തോടെ ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെങ്കിൽ 35 കോടി അധിക ബാധ്യതയുണ്ടാകുമെന്നായിരുന്നു ധനവകുപ്പിൻെറ കണക്കൂകൂട്ടൽ. ഇതേ തുടർന്നാണ് ശുപാർശ രണ്ടു പ്രാവശ്യം മാറ്റിവച്ചത്. 21 അംഗങ്ങളുള്ള ജമ്പോ കമ്മിറ്റിയാണ് കേരള പി.എസ്.സി. നിയമനമെല്ലാം രാഷ്ട്രീയം നോക്കിയുള്ള വീതം വയ്ക്കല്‍ ഈ രാഷ്ട്രീയ സ്വാധീനമാണ് ശമ്പളവർദ്ധനവിന് ഇടയാക്കിയതും.
ക്ഷേമ പെൻഷൻ കുടിശിക, കെഎസ്ആർടിസിലെ ശമ്പളം മുടങ്ങൽ, ആശ വർക്കർമാർക്കുള്ള ശമ്പളം മുടങ്ങൽ എന്നതിന് കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന പറയുമ്പോഴാണ് പി.എസ്.സി അംഗങ്ങൾക്കുള്ള വാരിക്കോരിയുടെ സഹായം. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത ശേഷമാണ് ശമ്പള വർദ്ധനയെന്നാണ് സർക്കാർ വിശദീകരണം.