ഹൃദയപൂർവ്വം വന്ദേ ഭാരത്

കൊച്ചി : ജീവൻ രക്ഷാദൗത്യവുമായി വന്ദേ ഭാരത് എക്സ്പ്രസ്. ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വന്ദേ ഭാരതിൽ കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊല്ലം അഞ്ചൽ കരുകോൺ സ്വദേശിയായ പതിമൂന്നുകാരിയെയാണ് ഹൃദയമാറ്റശസ്ത്രക്രിയക്കായി വന്ദേഭാരതില്‍ കൊച്ചിയില്‍ എത്തിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ഡോക്ടറെ കണ്ട് മടങ്ങുന്ന വഴിയാണ് കുട്ടിയെ ഉടനെ ലിസി ആശുപത്രിയിൽ എത്തിക്കാൻ വീട്ടുകാർക്ക് നിർദ്ദേശം ലഭിച്ചത്. കുട്ടിക്ക് അനുയോജ്യമായ ഹൃദയം ലഭിച്ചു എന്ന അറിയിപ്പ് വന്നതോടുകൂടിയാണ് പെട്ടെന്നുള്ള യാത്ര.
എയര്‍ ആംബുലന്‍സ് ലഭ്യമാകുന്നതിൽ കാലതാമസം വന്നതോടെ യാത്ര ട്രെയിനിലേക്ക് മാറ്റുകയായിരുന്നു. ലിസി ആശുപത്രിയിൽ തന്നെയാണ് ശസ്ത്രക്രിയ. ഏഴുമണിയോടെ ആശുപത്രിയിൽ എത്താനായിരുന്നു നിർദ്ദേശം. രക്ഷിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും ഒപ്പമാണ് കുട്ടിയുടെ യാത്ര. ആശുപത്രിയിലെ തുടർ പരിശോധനകൾക്ക് ശേഷം ആയിരിക്കും ശസ്ത്രക്രീയ. മൂന്നുവർഷമായി ഹൃദയസംബന്ധമായ അസുഖത്തിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.