ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ; ഹോസ്റ്റൽ വാർഡൻ ഉൾപ്പടെയുള്ളവർ കസ്റ്റഡിയിൽ
ഹൈദരാബാദ്: തെലങ്കാനയിലെ സ്വകാര്യ എൻജിനീയറിങ് കോളേജിലെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റൽ വാർഡൻ ഉൾപ്പടെയുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നത്.ഇവരുടെ പക്കൽ നിന്നും 9 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്.
ഇവ ശാസ്ത്രീയ പരിശോധനക്ക് അയക്കും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് മൊബൈൽ ഫോൺ ലഭിച്ചത്. ഫോൺ പരിശോധിച്ചപ്പോൾ നിരവധി വീഡിയോകൾ ശുചിമുറിയിൽ ചിത്രീകരിച്ചതായി കണ്ടെത്തിയിരുന്നു. ഹോസ്റ്റൽ വാർഡനെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് പെൺകുട്ടികൾ കൂട്ടത്തോടെ പ്രതിഷേധ സമരത്തിനിറങ്ങിയിരുന്നു.
ഹോസ്റ്റൽ കാന്റീൻ ജീവനക്കാരനെതിരെ പെൺകുട്ടികൾ നൽകിയ പരാതിയിൽ വ്യാഴാഴ്ച പൊലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ കോളേജ് മൂന്ന് ദിവസത്തേക്ക് അടച്ചു.