ട്രെയിനി ആർമി ഓഫീസർമാരും സ്ത്രീ സുഹൃത്തുക്കളും ക്രൂരമായി ആക്രമിക്കപ്പെട്ടു

0

ഭോപാൽ∙ മധ്യപ്രദേശിലെ ഇൻഡോറിൽവച്ച് ട്രെയിനികളായ സൈനിക ഉദ്യോഗസ്ഥർക്കും അവരുടെ വനിതാ സുഹൃത്തുക്കൾക്കും നേരെ ക്രൂരമായ ആക്രമണം. ഇൻഡോർ ജില്ലയിലെ ജാം ഗേറ്റിനു സമീപമായിരുന്നു ആയുധധാരികളുടെ ആക്രമണം. കൊള്ളയടിക്കാനെത്തിയ ആയുധധാരികൾ വനിതകളിൽ ഒരാളെ കൂട്ടമാനഭംഗം ചെയ്യുകയും ചെയ്തു. അക്രമികളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലൊരാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് വിവരം.

മ്ഹൗ സൈനിക കോളജിൽ പരിശീലനം നടത്തുന്ന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഛോട്ടി ജാമിനു സമീപത്തെ ഫയറിങ് റേഞ്ചിൽ വനിതാ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു. പൊടുന്നനെയാണ് തോക്കുകളും കത്തികളും വടികളുമായി എട്ടുപേർ ഇവരെ ആക്രമിച്ചത്. ഉദ്യോഗസ്ഥരെയും സുഹൃത്തുക്കളെയും മർദിച്ച് അവശരാക്കി അവരുടെ കൈവശമുള്ള പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവർന്നെടുത്തു.

ഇതിനുപിന്നാലെ ഒരു ഉദ്യോഗസ്ഥനെയും സുഹൃത്തിനെയും ബന്ദിച്ച അക്രമിസംഘം 10 ലക്ഷം രൂപ സംഘടിപ്പിച്ചുതരാൻ ആവശ്യപ്പെട്ട് മറ്റു രണ്ടുപേരെയും വിട്ടയച്ചു. ഈ ഉദ്യോഗസ്ഥൻ യൂണിറ്റിൽ തിരിച്ചെത്തി മേലുദ്യോഗസ്ഥരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥരും പൊലീസുകാരും സ്ഥലത്തെത്തുന്നതു കണ്ട അക്രമിസംഘം രക്ഷപ്പെട്ടു.

നാലുപേരെയും മ്ഹൗ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴാണ് ഒരാൾ പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. ബിഎൻഎസ് വകുപ്പുകൾ അനുസരിച്ച് കേസ് എടുത്തതായി ഇൻഡോർ റൂറൽ എസ്പി ഹിതിക വസാൽ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *