മാന്യനായ ഉദ്യോഗസ്ഥൻ, നാടണയുന്നതിന് തലേന്ന് ദാരുണവിവരം; സിപിഎമ്മിനോട് അനുഭാവമുള്ള കുടുംബം

0

കണ്ണൂർ∙ ഏറെനാളായി ആഗ്രഹിച്ച് നാട്ടിലേക്ക് ചോദിച്ചു വാങ്ങിയ സ്ഥലംമാറ്റം, വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കി. സർവീസിന്റെ അവസാന നാളുകൾ കുടുംബത്തിനൊപ്പം കഴിയാൻ ആഗ്രഹിച്ചിട്ടും നാടണയുന്നതിന് തൊട്ടുതലേന്ന് എഡിഎം നവീൻ ബാബു ജീവനൊടുക്കിയെന്ന വാർത്തയറിഞ്ഞ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. നാട്ടിലേക്ക് ചോദിച്ചുവാങ്ങിയ സ്ഥലംമാറ്റം ലഭിച്ചശേഷം അദ്ദേഹം ഇന്ന് പത്തനംതിട്ടയിൽ എത്തേണ്ടതായിരുന്നു. സിപിഎമ്മിനോടു അനുഭാവമുള്ള കുടുംബമാണു നവീന്റേത്.

ചെങ്ങന്നൂരിൽ ട്രെയിൻ ഇറങ്ങുന്ന നവീൻ ബാബുവിനെയും കാത്ത് ബന്ധുക്കൾ റെയിൽവേ സ്റ്റേഷനിലെത്തിയിട്ടും അദ്ദേഹം വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദാരുണ വിവരമറിഞ്ഞത്. ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കൾ കണ്ണൂരിൽ ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് പള്ളിക്കുന്നിൽ നവീൻ താമസിക്കുന്ന സർക്കാർ ക്വാർട്ടേഴ്സിലെത്തിയ ജില്ലാ കലക്ടറുടെ ഗൺമാനാണ് അദ്ദേഹത്തെ തൂങ്ങി മരിച്ചനിലയിൽ ആദ്യം കണ്ടത്.

നവീൻ ബാബുവിന്റേത് ഒരു മോശം കരിയറായിരുന്നില്ലെന്ന് സുഹൃത്ത് മലയാലപ്പുഴ ശശി മനോരമ ഓൺലൈനോട് പറഞ്ഞു. വളരെ മാന്യമായ രീതിയിൽ ജോലി ചെയ്തിരുന്ന സർക്കാർ ഉദ്യോഗസ്ഥനായിരുന്നു നവീൻ. പത്തനംതിട്ടയിൽ ഞങ്ങൾ ഏറെക്കാലം ഒന്നിച്ചു ജോലി ചെയ്തിട്ടുണ്ട്. ഇതുവരെയും ഒരു തരത്തിലുള്ള പരാതികളും അദ്ദേഹത്തിനെതിരെ കേട്ടിട്ടില്ല. ആക്ഷേപങ്ങൾക്ക് ഇടകൊടുക്കാതെ ജോലി ചെയ്യുന്ന വ്യക്തിയാണ്.

എഡിഎമ്മിന്റെ മരണത്തിന് പിന്നിലുള്ള കാരണം കണ്ടെത്താൻ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണം. പരാതികളുണ്ടെങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് അത് ശരിയായ രീതിയിൽ ശരിയായ മാർഗത്തിലൂടെ ഉന്നയിക്കാമായിരുന്നു. കലക്ടർ കഴിഞ്ഞാൽ ജില്ലയുടെ ചുമതല വഹിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥന് ഇങ്ങനെ ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് വേദനാജനകമാണ്.

ജോലിയുടെ ഭാഗമായി ഏറെ നാളായി നാട്ടിൽനിന്ന് മാറിത്താമസിക്കുകയായിരുന്നു നവീൻ ബാബു. മൂന്നുമാസം മുൻപാണ് കണ്ണൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ഇതിനുമുൻപ് കാസർകോടായിരുന്നു. കാസർകോട്ടുകാർക്ക് വളരെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. കാസർകോട്ടുനിന്നു പോരുന്നതിൽ അദ്ദേഹത്തിന് ദുഃഖമുണ്ടായിരുന്നെന്നും ശശി പറഞ്ഞു.

യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞെങ്കിലും അദ്ദേഹം സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരിക്കില്ലെന്ന് തോന്നിയതിനാൽ വിളിച്ചില്ല. ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റിന് പരാതികൾ ഉന്നയിക്കാനുള്ള അവകാശമുണ്ടെങ്കിലും അതിന് തിരഞ്ഞെടുത്ത വേദി ശരിയായില്ലെന്നും ശശി പറഞ്ഞു. നവീന്റെ ഭാര്യ മഞ്ജുഷ കോന്നി തഹസിൽദാരാണ്. രണ്ടു പെൺമക്കളും വിദ്യാർഥികളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *