കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നുവെന്ന് പരാതി; നാലു പേര് അറസ്റ്റില്‍
കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്ന കേസിൽ നാലു പേര് അറസ്റ്റില്‍. ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ജോസ്ഫിന് (മാളു28), ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നിഹാബ്(30), ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അരുണ്‍(28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എന്‍ നിവാസില്‍ അരുണ്‍(30) എന്നിവരാണ് അറസ്റ്റിലായത്.
ഫോണ്‍ വഴിയാണ് യുവാവിനെ ഹണിട്രാപ്പ് സംഘം പരിചയപ്പെടുന്നത്. തുടര്‍ന്ന് സംഘത്തിലുള്ള യുവതി തന്റെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് യുവാവിനെ വിളിച്ചു വരുത്തി.കൊല്ലം താലൂക്ക് ഓഫീസിന് സമീപമുള്ള അറവുശാലലക്ക് സമീപത്തേക്ക് യുവാവിനെ വിളിച്ചു വരുത്തിയ സംഘം ഇവിടെ എത്തിയ യുവാവിനെ നാല് പേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും സ്വര്‍ണവും കവരുകയായിരുന്നു. എന്നാല്‍ യുവാവ് സംഭവസ്ഥലത്ത് നിന്ന് നേരെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കി.
ഒന്നാം പ്രതിയായ യുവതി മയക്കുമരുന്ന് കേസിലടക്കം പ്രതിയാണ്. കൊല്ലം എസിപി അനുരൂപിന്റെ നിര്‍ദ്ദേശാനുസരണം ഈസ്റ്റ് എസ്.ഐമാരായ ദില്‍ജിത്ത്, ഡിപിന്, ആശാ ചന്ദ്രന് എ.എസ്.ഐ സതീഷ്കുമാര്‍ എസ്.സി.പി.ഒ അനീഷ്, സി.പി.ഒ അനു എനിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.