ഹണി റോസിൻ്റെ പരാതി : ‘ബോച്ചേ’ അറസ്റ്റിൽ
എറണാകുളം /വയനാട് : നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. വയനാട്ടിലെ ബോബിയുടെ റിസോർട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ഉടൻ തന്നെ കൊച്ചിയിൽ എത്തിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളെ അറിയിച്ചു.
നേരത്തെ നടിയുടെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടും ചുമത്തിയാണ് കേസ് എടുത്തത്. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് നടി പരാതി നൽകിയത്.
ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് 7ന് ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താൻ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്. അതിന് പിന്നാലെ പരാതി നൽകിയ വിവരം നടി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.
എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ എന്നിവരെ നടി നേരിട്ടു കണ്ടിരുന്നു. ഇവരുടെ നിർദേശപ്രകാരമാണു പരാതി നൽകാൻ തീരുമാനിച്ചത്. വൈകിട്ട് അഞ്ചരയോടെയാണു സെൻട്രൽ സ്റ്റേഷനിലെത്തി നടി പരാതി കൈമാറി.
‘ബാബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’.- ഹണി റോസ് സമൂഹമാധ്യമത്തിൽ കുറിച്ചു.