സി ആര്‍ മഹേഷ് എംഎല്‍എ ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്ത്

0

കൊല്ലം: ചെറിയഴീക്കലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്ത് കുടുംബത്തിന് വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും എടുത്തുനല്‍കി സിആര്‍ മഹേഷ് എംഎല്‍എ. സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതു മൂലം കുട്ടികളുടെ പഠനം മുടങ്ങുമോ എന്ന ആശങ്കയിലിരിക്കെയായിരുന്നു എംഎല്‍എയുടെ ഇടപെടല്‍. അഴീക്കല്‍ സ്വദേശി അനിമോന്റെ വീടാണ് എംഎല്‍എ പൂട്ട് പൊട്ടിച്ച് തുറന്നത്. അനിമോന്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 18 ലക്ഷം രൂപ വായ്പ്പയെടുത്തിരുന്നു. ആറര ലക്ഷം രൂപ തിരിച്ചടച്ചു. അതിനിടെ ഭാര്യയുടെ ഒരു കണ്ണിന് കാഴ്ച്ച നഷ്ടമായി. ഇതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു.

ചികിത്സയ്ക്കായി ഇവര്‍ ആശുപത്രിയില്‍ പോയ സമയത്താണ് ബാങ്ക് ജീവനക്കാരെത്തി വീട് ജപ്തി ചെയ്ത് ഗെയ്റ്റും പൂട്ടി പോയത്. സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമെടുക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ബാങ്ക് അധികൃതര്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇതറിഞ്ഞാണ് സിആര്‍ മഹേഷ് എംഎല്‍എ സ്ഥലത്തെത്തിയത്. ബാങ്കിന്റെ പൂട്ട് തകര്‍ത്ത് എംഎല്‍എ കുടുംബത്തെ വീടിനകത്തേക്ക് കയറ്റി. സര്‍ട്ടിഫിക്കറ്റും വസ്ത്രങ്ങളുമെടുത്ത് കുടുംബം പുറത്തിറങ്ങിയ ശേഷം എംഎല്‍എ തന്നെ വാതില്‍ വീണ്ടും പൂട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *