രാജ്യത്ത് എച്ച്എംപിവി ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കവേണ്ടെന്ന് വിദഗ്ധർ
ന്യൂഡൽഹി: രാജ്യത്ത് എച്ച്എംപിവി പടരുന്ന സാഹചര്യം നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. ഇന്നലെ വൈകുന്നേരം വരെ ആറ് കുട്ടികളിൽ എച്ച്എംപിവി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവടങ്ങളിലായാണ് ആറ് കുട്ടികൾക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ആർക്കും ചൈനയുമായി ബന്ധം സ്ഥിരീകരിച്ചിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. എങ്കിലും ജാഗ്രതയോടെ മുന്നോട്ടുപോകാനുള്ള നിർദ്ദേശം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്.
കർണ്ണാടകയിലാണ് ഇന്ത്യയിലെ ആദ്യത്തെ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചത്. രണ്ട് എച്ച്എംപിവി കേസുകൾ ഐസിഎംആർ സ്ഥിരീകരിച്ചിരുന്നു. എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ മൂന്ന് മാസം പ്രായമായ പെൺകുഞ്ഞിനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. രണ്ട് കുട്ടികൾക്കും വിദേശയാത്ര പശ്ചാത്തലമില്ലെന്നും കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ ഗുജറാത്തിലെ അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട്ടിലെ ചെന്നൈയിലും സേലത്തും ഓരോ എച്ച് എംപിവി കേസുകൾ റിപ്പോർട്ട് ചെയ്തത്. പശ്ചിമബംഗാളിൽ കൊൽക്കത്തയിലും ഒരു എച്ച്എംപിവി കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.