ചരിത്ര ഗവേഷകൻ ഡോ. എം.ജി.എസ് നാരായണൻ അന്തരിച്ചു.

കോഴിക്കോട്: പ്രമുഖ കേരള ചരിത്ര ഗവേഷകൻ ഡോ. എം.ജി.എസ് നാരായണൻ (മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ – 92) ശനിയാഴ്ച രാവിലെ കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയിൽ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് മാവൂർ റോഡ് സ്മൃതിപഥത്തിൽ സംസ്കാരം നടന്നു.
കേരള ചരിത്ര വിജ്ഞാനത്തിൻ്റെ ആധികാരിക നിഘണ്ടു എന്ന് വിശേഷിപ്പിക്കാവുന്ന എം.ജി.എസ് നാരായണൻ, ആറു പതിറ്റാണ്ടോളം ചരിത്ര ഗവേഷണ രംഗത്ത് സജീവമായിരുന്നു. പൗരാണിക ലിപികളായ ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രന്ഥ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തിയ അദ്ദേഹം ക്ലാസിക്കൽ സംസ്കൃതത്തിലും പ്രാചീന ദക്ഷിണേന്ത്യൻ ലിപികളിലും അവഗാഹം നേടിയിരുന്നു. കേരള ചരിത്രത്തിലെ പെരുമാൾ കാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹികാവസ്ഥകളെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിന് 1973-ൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു.