മഹാശിവരാത്രി നിറവിൽ നാടും നഗരവും

0

ഡോംബിവ്‌ലി ശ്രീകിടുക്കലേശ്വർ മഹാദേവ മന്ദിർ (കിട്ക്കാലി) ഇന്ന് പുലർച്ചെ 2 മണിക്കുള്ള ഭക്തജനത്തിരക്ക്

 

 

തിരുവനന്തപുരം: മഹാശിവരാത്രി ആഘോഷനിറവിൽ മഹാനഗരങ്ങളും നാടും . ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തിൽ രാജ്യത്തെ ഹിന്ദുവിശ്വാസികൾ ഇന്ന് ശിവരാത്രി ആചരിക്കുന്നു. നാമജപവും ഓട്ടുമണികിലുക്കവും ഭക്തരെ മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. എങ്ങും ശിവമന്ത്രണങ്ങളും ,പൂക്കളുടെയും ചന്ദനത്തിരികളുടെയും സുഗന്ധം മാത്രം.

ഭക്തര്‍ തങ്ങളുടെ പ്രിയദേവന് പാലും കൂവളമാലയും സമര്‍പ്പിച്ച് അനുഗ്രഹങ്ങള്‍ തേടുന്നു. രാജ്യത്തെ ഭൂരിപക്ഷം ശിവക്ഷേത്രങ്ങളും ഉത്സവലഹരിയിലാണ്. അമ്മമാരും മുതിര്‍ന്ന സ്‌ത്രീകളുംവ്രതത്തിലാണ് ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും ഐശ്വര്യത്തിന് ശിവരാത്രി വ്രതം ഏറെ പ്രധാനപ്പെട്ടതാണെന്നാണ് വിശ്വാസം.

ഉറക്കമൊഴിക്കലാണ് ശിവരാത്രി ആചാരത്തില്‍ പ്രധാനം. വ്രതാനുഷ്‌ഠാനങ്ങളോടെ തുടങ്ങുന്ന ശിവരാത്രി ദിനത്തില്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിക്കുകയും പിറ്റേന്ന് ചന്ദ്രനെ കണ്ട ശേഷം ഉറങ്ങുകയും വേണമെന്നതാണ് ചിട്ട. പാലാഴി മഥനം ചെയ്‌തപ്പോള്‍ പുറത്ത് വന്ന കാളകൂട വിഷം ശിവന്‍ കുടിക്കുകയും അത് താഴേക്ക് പോകാതിരിക്കാന്‍ പാര്‍വതി ദേവി ശിവന്‍റെ കണ്ഠത്തില്‍ മുറുകെ പിടിക്കുകയും പുറത്തേക്ക് വീഴാതിരിക്കാന്‍ മഹാവിഷ്‌ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തെന്നും ഒടുവില്‍ വിഷം ശിവന്‍റെ കണ്ഠത്തില്‍ ഉറയ്ക്കുകയും ചെയ്‌തെന്നും അങ്ങനെ ശിവന്‍ നീലകണ്ഠനായെന്നുമാണ് വിശ്വാസം. ലോകം മുഴുവന്‍ അന്ന് ഉറങ്ങാതിരുന്ന് ശിവന്‍റെ ജീവന് കാവലിരുന്നതിന്‍റെ ഓര്‍മ്മയ്ക്കാണത്രേ ശിവരാത്രി ദിനത്തിലെ ഉറക്കമൊഴിക്കല്‍. പിറ്റേദിവസം ഭൂമിയുറക്കവും.

തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലെ പ്രധാന ശിവക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള ശിവാലയ ഓട്ടം ഇന്നലെ ആരംഭിച്ചു . കന്യാകുമാരി ജില്ലയിലെ വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലായി സ്ഥിതി ചെയ്യുന്ന 12 ക്ഷേത്രങ്ങളില്‍ ഒരു രാത്രിയും പകലും കൊണ്ടും നഗ്‌നപാദരായി നടത്തുന്ന ദര്‍ശനമാണിത്. തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്‍മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തുപ്പന്നിക്കോട്, തിരുനട്ടാലം എന്നീ പന്ത്രണ്ട് ക്ഷേത്രങ്ങളില്‍ ഒരു ദിവസം കൊണ്ട് ഓടി ദര്‍ശനം നടത്തുന്ന ആചാരമാണിത്. മഹാഭാരത കഥയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഇതിന് പിന്നില്‍.

സന്ധ്യയ്ക്ക് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടം ആരംഭിക്കും. വെള്ളമുണ്ടോ കാവി മുണ്ടോ ആണ് വേഷം, കൈകളില്‍ വിശറിയുണ്ടാകും. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളില്‍ ഒന്നില്‍ പ്രസാദ ഭസ്‌മവും മറ്റേതില്‍ വഴിക്കാവശ്യമായ പണവും കരുതും. ഗോവിന്ദ, ഗോപാല എന്ന നാമം ഉദ്ധരിച്ച് പന്ത്രണ്ട് ക്ഷേത്രങ്ങളിലും എത്തുന്നു. ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കുന്നു. ശിവാലയ ഓട്ടത്തിലെ ഒന്നാമത്തെ ക്ഷേത്രം തൃശൂലപാണിഭാവത്തില്‍ ശിവനെ പ്രതിഷ്‌ഠിച്ചിരിക്കുന്ന കുഴിത്തുറ വെട്ടുവെന്നിയില്‍ നിന്ന് തേങ്ങാപ്പട്ടണത്തേക്കുള്ള വഴിയിലെ തിരുമല ക്ഷേത്രം. അവിടെ നിന്ന് നന്ദി വാഹനമില്ലാത്ത മഹാദേവ പ്രതിഷ്‌ഠയുള്ള തിക്കുച്ചി ശിവക്ഷേത്രം. മാര്‍ത്താണ്ഡം പാലത്തിലൂടെ ഞാറാംവിളയിലെത്തി ചിതറാളിലേക്കുള്ള വഴിയിലൂടെ ഈ ക്ഷേത്രത്തിലെത്താം. മൂന്നാമത്തെ ക്ഷേത്രം തൃപ്പരപ്പാണ്. കോതയാറിന്‍റെ തീരത്തുള്ള തൃപ്പരപ്പ് ശിവക്ഷേത്രത്തില്‍ ദക്ഷനെ വധിച്ച വീരഭദ്ര രൂപത്തിലാണ് ശിവ പ്രതിഷ്‌ഠ.കേരളീയ ശില്‍പ്പകലാരീതിയില്‍ നന്ദികേശ രൂപത്തില്‍ ശിവ പ്രതിഷ്‌ഠയുള്ള തിരുനന്തിക്കരയാണ് നാലാമത്തെ ക്ഷേത്രം. അഞ്ചാമത് പൊന്‍മന ശിവക്ഷേത്രം. ഇവിടുത്തെ ശിവന്‍ തീമ്പിലാധിപന്‍ എന്നാണ് അറിയപ്പെടുന്നത്. തീമ്പന് എന്ന ശിവഭക്തന് ദര്‍ശനം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ആ പേരുണ്ടായത്. അവിടെ നിന്ന് പന്നിപ്പാകം ക്ഷേത്രത്തില്‍ തൊഴണം.

കല്‍ക്കുളം ശിവക്ഷേത്രമാണ് ഏഴാമത്തേത്. ശിവാലയ ഓട്ടം നടക്കുന്ന ശിവക്ഷേത്രങ്ങളില്‍ പാര്‍വതി സമേതനായ ശിവ പ്രതിഷ്‌ഠയും രഥോത്സവം നടക്കുന്നതുമായ ഏകക്ഷേത്രമാണിത്. മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിന്‍റെ തലസ്ഥാനമായി കല്‍ക്കുളം തെരഞ്ഞെടുക്കുകയും പത്മനാഭപുരമെന്ന് പേരിടുകയും ചെയ്‌തു. അവിടെ നിന്ന് കാലകാല രൂപത്തില്‍ പ്രതിഷ്‌ഠയും എട്ട് ക്ഷേത്രങ്ങളുടെ സമുച്ചയവുമുള്ള മേലാങ്കോട് തൊഴണം. ചടയപ്പന്‍ അഥവ ജടയപ്പന്‍ പ്രതിഷ്‌ഠയുള്ള തിരുവിടൈക്കോട് ആണ് ഒന്‍പതാമത് തൊഴേണ്ടത്. ഇവിടുത്തെ നന്ദികേശന് ജീവന്‍ വച്ചതോടെയാണ് തിരുവിടൈക്കോട് എന്ന പേരുവന്നതാണെന്ന് ഐതിഹ്യം. അവിടെ നിന്ന് തിരുവിതാംകോട് ശിവക്ഷേത്രത്തിലെത്തണം. ആയ്, വേല്‍ രാജവംശങ്ങളുമായി ബന്ധമുള്ള പ്രാചീന ക്ഷേത്രമാണിത്.

മഹാവിഷ്‌ണുവിന്‍റെ വരാഹാവതാരവുമായി ബന്ധപ്പെട്ട തൃപ്പന്നിക്കോട് ശിവക്ഷേത്രമാണ് പതിനൊന്നാമതുള്ളത്. വരാഹത്തിന്‍റെ തേറ്റ (കൊമ്പ്) മുറിച്ച രൂപത്തിലാണ് പ്രതിഷ്‌ഠ. ഒടുവില്‍ തിരുനട്ടാലം ശിവക്ഷേത്രത്തിലെത്തി ശങ്കര നാരായണ പ്രതിഷ്‌ഠയും ശിവപ്രതിഷ്‌ഠയും തൊഴുന്നതോടെ ശിവാലയ ഓട്ടക്രമം പര്യവസാനിക്കും.

ചെങ്കല്‍ ശിവക്ഷേത്രം, വൈക്കം ശിവ ക്ഷേത്രം, ഏറ്റുമാനുരപ്പന്‍, എറണാകുളത്തപ്പന്‍, തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം, തുടങ്ങിയ അതിപ്രശസ്‌ത ശിവക്ഷേത്രങ്ങളിലും നാളെ വിശേഷാല്‍ ദിവസമാണ്. ഇതിന് പുറമെ നാട്ടിലെ ഓരോ ശിവക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും ചടങ്ങുകളും ലക്ഷദീപ കാഴ്‌ചകളും ഉത്സവങ്ങളും കെട്ടുകാഴ്‌ചയും കാണാനാകും. കൂടാതെ നാടകം ഗാനമേള തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

ദക്ഷിണേന്ത്യ മുതൽ ഉത്തരേന്ത്യ വരെയുള്ള പ്രധാന ശിവക്ഷേത്രങ്ങളായ രാമേശ്വരം. മല്ലികാർജുന സ്വാമി ക്ഷേത്രം. ബീമാശങ്കർ. ത്രയംബകേശ്വർ. സോമനാഥ്. ഓംകാരേശ്വർ. മഹാകൈലേശ്വർ. വിശ്വനാഥ്. വൈദ്യനാഥ്. കുശുമേശ്വർ. നാഗേശ്വർ. കേദാർനാഥ് എന്നീ ക്ഷേത്രങ്ങളിൽ ദർശനത്തിനായെത്തുന്നത് പതിനായിരങ്ങളാണ് .
പുരാതന ചാലൂക്യ ശൈലിയിലുള്ള ശിവ മന്ദിർ – ഭിവണ്ടി,,പവായ് ശിവധാം ക്ഷേത്രം – ഉല്ലാസ്നഗർ
ശിവമന്ദിർ – പൂനെ,മാതാർദേശ്വർ ശിവ മന്ദിർ – താനെ,കാണ്ഡേശ്വര ശിവ മന്ദിർ – പൻവേൽ
മൻപദേശ്വർ ശിവ മന്ദിർ – ബാന്ദ്ര,ബുലേശ്വർ ശിവ മന്ദിർ – ബുവലേശ്വർ നഗർ തുടങ്ങിയ മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളിലും ഇന്ന് പ്രത്യേക പൂജകൾ ഒരുക്കിയിട്ടുണ്ട് .

ശ്രീകിടുക്കലേശ്വർ മഹാദേവ മന്ദിർ (കിട്ക്കാലി),ശ്രീ പിംബലേശ്വർ മഹാദേവ ക്ഷേത്രം (ഡോമ്പിവലി)
ശ്രീ അമ്പലേശ്വർ ശിവ മന്ദിർ (അംബർനാഥ് )തുടങ്ങിയ പ്രാദേശിക ക്ഷേത്രങ്ങളിലും പുലർച്ചെ ഒരുമണിമുതൽ ഭക്തജങ്ങളുടെ വൻതിരക്കായിരുന്നു അനുഭവപ്പെട്ടത്.

(റിപ്പോർട്ട് & ഫോട്ടോസ് :നിഷ എം നായർ )

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *