ജോലിക്കാരിക്ക് ഹിന്ദി അറിയില്ല; ആശയക്കുഴപ്പത്തിലായി യുവാവ്

വീട്ടിൽ ജോലിക്ക് വരുന്നവർക്ക് നമ്മുടെ ഭാഷ പറയാനറിയില്ല എന്നതിന്റെ പേരിൽ നമ്മളവരെ പിരിച്ചുവിട്ട ശേഷം പുതിയൊരാളെ വയ്ക്കുമോ? അങ്ങനെ വയ്ക്കുന്നത് ശരിയാണോ? ഈ സംശയം ചോദിക്കുന്നത് ഹൈദ്രാബാദിൽ നിന്നുള്ള ഒരു യുവാവാണ്. തന്റെ ഫ്ലാറ്റിൽ താമസിക്കുന്നവർ പറയുന്നത് വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീയെ പിരിച്ചുവിടണം എന്നിട്ട് പകരം പുതിയൊരാളെ വയ്ക്കണം എന്നാണെന്നാണ് യുവാവ് പറയുന്നത്. അത് ശരിയാണോ എന്നാണ് യുവാവിന്റെ സംശയം.
യുവാവിന്റെ വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീക്ക് ഹിന്ദി അറിയാത്തതിനാലാണ് ഹിന്ദി മാത്രം അറിയുന്ന ഫ്ലാറ്റ്മേറ്റ്സ് അവരെ പിരിച്ചു വിടണം എന്ന് പറയുന്നത് എന്നും യുവാവ് പറയുന്നു. “ഞാൻ മറ്റ് രണ്ട് ഫ്ലാറ്റ്മേറ്റ്‌സിനൊപ്പം ഒരു 3BHK യിലാണ് താമസിക്കുന്നത്. അവർക്ക് രണ്ടുപേർക്കും തെലുങ്ക് സംസാരിക്കാനറിയില്ല. രണ്ട് മാസം മുമ്പാണ് ഫ്ലാറ്റിലേക്ക് താമസം മാറിയത്. നമ്മുടെ പ്രദേശത്തെ മിക്ക ജോലിക്കാരികളെക്കാളും നന്നായി ജോലി ചെയ്യുന്ന ഒരു ജോലിക്കാരി ഞങ്ങൾക്കുണ്ട്. അവർ തെലുങ്കാണ് സംസാരിക്കുന്നത്. കഴിഞ്ഞ 1.5 വർഷമായി ഈ ഫ്ലാറ്റിൽ അവർ ജോലി ചെയ്യുന്നു. ഹിന്ദി സംസാരിക്കാൻ അറിയാത്തതിനാൽ അവരെ മാറ്റണം എന്നാണ് ഫ്ലാറ്റ്‍മേറ്റ്സ് പറയുന്നത്. ജോലിക്കാരിക്ക് ഹിന്ദി മനസിലാവും. പിന്നെ മിക്കവാറും ഞാൻ വീട്ടിലുണ്ടാകും. ഞാനവർക്ക് വേണ്ടി സാധാരണയായി വിവർത്തനം ചെയ്യാറുണ്ട്” എന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്.
ഇക്കാര്യം വീട്ടിൽ ജോലിക്കു വരുന്ന സ്ത്രീയോട് പറഞ്ഞപ്പോൾ അവർ കരഞ്ഞുപോയി എന്നും യുവാവ് പറയുന്നുണ്ട്. തന്റെ ആശയക്കുഴപ്പം പങ്കുവച്ചുകൊണ്ട് യുവാവിട്ട പോസ്റ്റിനോട് നിരവധിപ്പേരാണ് പ്രതികരിച്ചത്. അത്തരം ഫ്ലാറ്റ്‍മേറ്റുകൾ വളരെ മോശക്കാരാണ് എന്നും ആ സ്ത്രീയെ പിരിച്ചുവിടേണ്ട ഒരു കാര്യവുമില്ലെന്നുമാണ് ബഹുഭുരിഭാഗവും പ്രതികരിച്ചത്. പലരും തങ്ങളുടെ അനുഭവവും പറഞ്ഞു.
ഒരാൾ പറഞ്ഞത്, താൻ ഹിന്ദി സംസാരിക്കുന്ന ആളാണ്. ഫ്ലാറ്റ്മേറ്റ്സ് തെലുഗു സംസാരിക്കുന്നവരും. തെലുഗു മാത്രം സംസാരിക്കുന്ന ജോലിക്കാരിയാണ് തങ്ങളുടേത്, അതിൽ ഇതുവരെ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല എന്നാണ്.
അതേസമയം മറ്റൊരാൾ പറഞ്ഞത് ജോലിക്ക് ഇന്റർവ്യൂ നടക്കുമ്പോഴും ഈ പ്രശ്നമുണ്ട് ഹിന്ദി അറിയാത്തവരെ അവഗണിക്കുന്ന എച്ച് ആർമാരുണ്ട് എന്നാണ്.