സന്നിധാനത്ത് പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ പണപ്പിരിവ് :കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം: ശബരിമല സന്നിധാനത്ത് പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാമെന്ന് അവകാശപ്പെട്ട് പണപ്പിരിവ് നടത്തിയ സംഭവത്തിൽ സ്വകാര്യ വ്യക്തിക്കെതിരെ കേസെടുക്കാൻ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പരാതി നൽകിയിട്ടില്ലെന്ന് ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. പണപ്പിരിവ് തടയാനും ഹൈക്കോടതി ഉത്തരവിട്ടു.
ശബരിമലയിൽ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കുന്നുവെന്ന പേരിൽ പണപ്പിരിവ് നടത്തിയ ഈറോഡ് സ്വദേശിയുടെ നടപടി നിസാരമായി കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്തുവെന്ന് ഉറപ്പാക്കാൻ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവ് നൽകി. ലഘുലേഖകൾ അച്ചടിച്ച് വിതരണം ചെയ്ത് പണപ്പിരിവ് നടത്തിയ ഈറോഡ് സ്വദേശി ഡോ ഇകെ സഹദേവൻ അടുത്ത തവണ കോടതിയിൽ ഹാജരാകണം. പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കലുമായി ബന്ധപ്പെട്ടുള്ള തുടർന്നുള്ള എല്ലാ നടപടികളും ഹൈക്കോടതി തടഞ്ഞിരിക്കയാണ്.
സഹദേവൻ പ്രചരിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ഗണ്യമായ തുക എത്തിയിട്ടുണ്ടെന്ന് ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ കോടതിയെ അറിയിച്ചു. എന്നാൽ ദേവസ്വം ബോർഡ് ഈ വിഷയത്തിൽ യാതൊരു പരാതിയും നൽകിയിട്ടില്ല. ഡോ ഇകെ സഹദേവൻ്റെ നേതൃത്വത്തിലുള്ള ട്രസ്റ്റ് ബാങ്ക് അക്കൗണ്ടിലെ തുക പിൻവലിക്കുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയെന്ന് അവകാശപ്പെട്ടാണ് ഡോ ഇകെ സഹദേവൻ പണപ്പിരിവ് തുടങ്ങിയത്. ക്ഷേത്രാങ്കണത്തിൽ വിഗ്രഹം സ്ഥാപിക്കാൻ അനുമതി നൽകിയതായി കാണിച്ച് ദേവസ്വം ബോർഡ് സെക്രട്ടറി ശബരിമല എക്സിക്യൂട്ടീവ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ക്ഷേത്രാങ്കണത്തിൽ വിഗ്രഹം സ്ഥാപിക്കാനോ ഇതിൻ്റെ പേരിൽ പണം പിരിക്കാനോ അനുമതി നൽകിയിട്ടില്ലെന്നായിരുന്നു ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നിലപാടെടുത്തത്. ഇത് സ്വകാര്യ വ്യക്തിയുടെ നീക്കം തട്ടിപ്പായിരുന്നു എന്നതിൻ്റെ വ്യക്തമായ സൂചന നൽകുന്നു. തീർഥാടകരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടാനുള്ള ശ്രമമാണോ ഇതെന്നും കോടതി പരിശോധിക്കും. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്മേൽ സ്വമേധയാ എടുത്ത ഈ ഹർജി ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി.