‘കാഫിർ’ സ്‌ക്രീൻഷോട്ട് വിവാദത്തിൽ വേഗത്തിലുള്ള അന്വേഷണം വേണമെന്ന് ഹൈക്കോടതി

0

കൊച്ചി∙ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് സംബന്ധിച്ചുള്ള അന്വേഷണത്തിൽ തുടർ നടപടികൾ ആവശ്യമെങ്കിൽ പരാതിക്കാരന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നു ഹൈക്കോടതി. വ്യാജ സ്ക്രീൻ‌ഷോട്ടിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു. വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എംഎസ്എഫ് നേതാവ് പി.കെ.മുഹമ്മദ് ഖാസിം നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് തീർപ്പാക്കിയത്.

ഫോണുകളുടെ ഫൊറൻസിക് റിപ്പോർട്ട് കഴിയുന്നത്ര വേഗം ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു. മതസ്പർധയുണ്ടാക്കാൻ എന്ന 153എ വകുപ്പു കൂടി ഹർജിക്കാരൻ നൽകിയിട്ടുള്ള പരാതിയിൽ ഉൾപ്പെടുത്തണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥനു തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

അതേസമയം, അന്വേഷണത്തിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമെന്നാണ് ബോധ്യപ്പെട്ടത്. അന്വേഷണം ഏതു രീതിയിൽ നടത്തണമെന്നു നിർദേശിക്കാൻ കോടതിക്ക് കഴിയില്ല. തന്റെ പേര് ഉപയോഗിച്ചു വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു എന്നാണു പരാതിക്കാരൻ ആരോപിച്ചിട്ടുള്ളത്. ഈ കേസിലെ ഇര എന്ന നിലയിൽ അന്വേഷണം സംബന്ധിച്ചു പരാതികളുണ്ടെങ്കിൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

താൻ പരാതി നൽകിയിട്ടും തന്റെ പേരു പരാതിക്കാരനായി ഉൾപ്പെടുത്തിയില്ല എന്ന ഹർജിക്കാരന്റെ വാദവും കോടതി പരിഗണിച്ചു. ഒരു പരാതി കിട്ടിയാൽ അതിന്മേൽ തുടർനടപടി സ്വീകരിക്കാമെന്നു സുപ്രീം കോടതിയുടെ വിധികളുള്ള സാഹചര്യത്തിൽ പരാതി ആരുടേതായാലും അന്വേഷണം നടത്താൻ കഴിയുമെന്ന് കോടതി വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്നു വടകര മണ്ഡലത്തിൽ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതു സംബന്ധിച്ചുള്ള കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലാണ്. തന്റെ പേരിൽ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടി ഖാസിം പരാതി നൽകിയെങ്കിലും വടകര പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത് മറ്റൊരാൾ നൽകിയ പരാതിയിലാണ്. വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് 153എ വകുപ്പ് ഉൾപ്പെടെ ചുമത്തി ഖാസിമിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഇതോടെയാണു വിഷയത്തിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ടു ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

ഖാസിമിനെ പ്രതിയാക്കാനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാൽ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെന്ന കാര്യം ഇന്നു വാദത്തിനിടെ കോടതി പരാമർശിക്കുകയും ചെയ്തു.

മതസ്പർധയുണ്ടാക്കൽ, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ കൂടി തന്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിൽ ഉൾപ്പെടുത്തണമെന്ന് ഖാസിം ആവശ്യപ്പെട്ടിരുന്നു. ഖാസിമിനെതിരെയുള്ള കേസിൽ ഈ വകുപ്പുകൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നു കോടതി അന്വേഷണ ഉദ്യോഗസ്ഥനു നിർദേശം നൽകിയതിനു പിന്നാലെ വ്യാജരേഖ ചമയ്ക്കൽ വകുപ്പു കൂടി ഉൾപ്പെടുത്തി. 153എ ചുമത്താത്ത കാര്യം ഹർജിക്കാരൻ ഇന്ന് കോടതിയിൽ ഉന്നയിച്ചപ്പോഴാണ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്ന് വ്യക്തമാക്കി ഹർജി കോടതി തീർപ്പാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *