മലപ്പുറത്ത് മലയോര മേഖലയിലെ കൃഷിയിടങ്ങളിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം
മലപ്പുറം : മലപ്പുറം ജില്ലയിലെ മലയോരമേഖലയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന് പരാതി. കഴിഞ്ഞ ദിവസം കരുവാരകുണ്ട് കൽക്കുണ്ട് ആർത്തലക്കുന്നിലെ ജനവാസ കേന്ദ്രത്തിന് സമീപം കാട്ടാനക്കൂട്ടം വൻ തോതിൽ കൃഷി നാശം വരുത്തിയത്. റബർ, തെങ്ങ്, നേന്ത്രവാഴ, കമുങ്ങ്, കപ്പ എന്നീ കാർഷിക വിളകളാണ് നശിപ്പിച്ചത്.
കൃഷിയിടത്തിലെത്തിയ കാട്ടാനകൾ വാഴകളും കമുങ്ങും കപ്പയുമെല്ലാം നിമിഷ നേരം കൊണ്ട് ചവിട്ടിമെതിച്ചു. ചെറുതും വലുതുമായ ഒൻപതിലധികം കാട്ടാനകളാണ് മേഖലയിൽ തമ്പടിച്ച് കാർഷിക വിളകൾ ഭക്ഷണമാക്കുന്നത്. കഴിഞ്ഞ ദിവസം പകൽ സമയത്ത് കാട്ടാനകളെത്തി വീടുകൾക്ക് നാശം വരുത്തുകയും ചെയ്തിരുന്നു. വീടുകളിൽ താമസിച്ചിരുന്നവർ ദുരിതാശ്വാസ ക്യാംപിലായിരുന്നതിനാൽ ആളപായമില്ലാതെ അപകടങ്ങളില്ലാതെ രക്ഷപ്പെട്ടു.
കാട്ടാനകൾ കൃഷിയിടങ്ങളിൽ ഇറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പകൽ സമയത്തും ഇവ കൃഷിയിടം വിട്ടുപോകാറില്ലെന്നും കർഷകർ പറയുന്നു. ആനകൾ കൃഷിയിടത്തിൽ പ്രവേശിക്കുന്നത് തടയാൻ വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.