നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡി ക്ക് തിരിച്ചടി; സോണിയയ്ക്കും രാഹുലിനും നോട്ടിസ് അയച്ചില്ല

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടിസ് അയക്കാന്‍ ഡല്‍ഹി റൗസ് റവന്യു കോടതി വിസമ്മതിച്ചു. അത് കൊണ്ട് തന്നെ സോണിയയും രാഹുലും ഉടനെ കോടതിയില്‍ ഹാജരാകേണ്ടി വരില്ല. കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാനും ഇ ഡിയോട് കോടതി നിര്‍ദേശിച്ചു. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയയെ ഒന്നാം പ്രതിയാക്കിയും രാഹുല്‍ ഗാന്ധിയെ രണ്ടാം പ്രതിയാക്കിയുമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്റു 1937 ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്‍ യങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2014 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ നിന്നാണ് 2021 ല്‍ ഇ ഡി അന്വേഷണം ആരംഭിച്ചത്.