ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് ലഭിക്കുന്ന ഭീഷണി സന്ദേശങ്ങളില്‍ നടപടി സ്വീകരിക്കാന്‍ നോഡല്‍ ഓഫീസറെ നിയോഗിക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
നോഡല്‍ ഓഫീസറെ നിയോഗിച്ചത് സംബന്ധിച്ച വിവരങ്ങള്‍ എസ്‌ഐടി ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച വിവരങ്ങൾ എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും. ഹേമ കമ്മിറ്റി രൂപീകരണത്തിൻ്റെ നിയമ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയേക്കും. ചലച്ചിത്ര മേഖലയില്‍ ഇടക്കാല മാതൃകാ പെരുമാറ്റച്ചട്ടം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലൂടെ നടപ്പാക്കണമെന്ന ഡബ്ല്യൂസിസിയുടെ ഹര്‍ജിയും ഹൈക്കോടതിയുടെ ഇന്ന് പരിഗണിക്കും. ഇതോടൊപ്പം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണ പുരോഗതി എസ്ഐടി ഹൈക്കോടതിയെ അറിയിക്കും.