ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കണമെന്ന് ജോസഫ് എം.പുതുശ്ശേരി
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കണം എന്നാവശ്യപ്പെട്ടു മുൻ എംഎൽഎ ജോസഫ് എം. പുതുശ്ശേരി നല്‍കിയ പരാതി പൊലീസ് സ്വീകരിച്ചില്ല. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ജോസഫ് എം. പുതുശ്ശേരി പരാതി നൽകാനെത്തിയത്. റിപ്പോർട്ടിൽ കാലതാമസം കൂടാതെ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. ഹേമ കമ്മിഷൻ റിപ്പോർട്ട് ഉൾപ്പെടുത്തിയ പരാതി സ്വീകരിക്കാൻ കഴിയില്ലെന്ന മറുപടിയാണ് എസ്എച്ച്ഒയിൽ നിന്നു ലഭിച്ചതെന്നു ജോസഫ് എം.പുതുശ്ശേരി പറഞ്ഞു. ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളാണു റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നും നിയമ നടപടികൾ സ്വീകരിക്കണമെന്നും പൊലീസിൽ നൽകിയ പരാതിയിൽ മുൻ എംഎൽഎ ചൂണ്ടിക്കാട്ടി. തൊഴിലിടത്തിൽ സ്ത്രീകൾ അനുഭവിച്ച കുറ്റകൃത്യങ്ങൾ റിപ്പോർട്ടിലുണ്ടെന്നും ഹേമ കമ്മിറ്റിയിൽ നിന്നും പൊലീസ് തെളിവുകൾ ശേഖരിക്കണമെന്നും ആവശ്യപ്പെട്ടു. പരാതി സ്വീകരിക്കാതെ ആയതോടെ ജോസഫ് എം.പുതുശ്ശേരി സ്റ്റേഷനിൽ നിന്നും മടങ്ങി.