‘ഹേമ കമ്മിറ്റി പറഞ്ഞ കതകുമുട്ടുന്ന ജോലി പിണറായി പൊലീസ് ഏറ്റെടുത്തു; റെയ്ഡിന് പിന്നിൽ എം.ബി.രാജേഷ്’
കോഴിക്കോട്∙ പാലക്കാട്ടെ പാതിര റെയ്ഡിന് പിന്നില്‍ മന്ത്രി എം.ബി. രാജേഷ് ആണെന്നും റെയ്ഡ് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ അപമാനിക്കാനാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി പറഞ്ഞ രാത്രിയില്‍ കതകുമുട്ടുന്ന ജോലി ഇപ്പോള്‍ പിണറായി പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. ഇതാണ് പിണറായി പൊലീസിന്റെ ഇപ്പോഴത്തെ അവസ്ഥ. അര്‍ധരാത്രിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ നേതാക്കളുടെ മുറിയിലേക്ക് ചെന്ന് മുട്ടുന്നതെന്തിനാണ്. ഇത് നിസാരമായി കാണാന്‍ കഴിയുന്ന ഒന്നല്ല.
യൂണിഫോമും ഐഡന്റിറ്റി കാര്‍ഡും ഇല്ലാതെയാണ് പിണറായി പൊലീസ് വനിതാ നേതാക്കളുടെ കതകില്‍ മുട്ടിയത്. വനിതാ പൊലീസില്ലാതെ കതക് തുറക്കില്ലെന്നാണ് ഷാനിമോള്‍ പറഞ്ഞതെന്നും എം.എം. ഹസ്സന്‍ വ്യക്തമാക്കി. ഹോട്ടലിലെ റെയ്ഡ് മന്ത്രി എം.ബി. രാജേഷ് ആസൂത്രണം ചെയ്ത നാടകമാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണ് തിരക്കഥ ഒരുക്കിയത്. പാലക്കാട് നടന്നത് ബിജെപി സിപിഎം ഡീലിന്റെ ഭാഗമാണ്. കൊടകര കുഴല്‍പ്പണത്തിന്റെ ജാള്യത മറയ്ക്കാന്‍ ബിജെപിയെ സഹായിക്കാനാണ് റെയ്ഡെന്നും ഹസൻ വിമര്‍ശിച്ചു.
ഷാനി മോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറി തള്ളി തുറക്കുകയാണ് പൊലീസ് ചെയ്തത്. സംഭവം നടന്ന ഉടനെ അവിടേക്ക് എങ്ങനെയാണ് കൃത്യ സമയത്ത് സിപിഎം -ബിജെപി പ്രവര്‍ത്തകര്‍ എത്തിയതെന്നും ഹസൻ ചോദിച്ചു. പരിശോധന ബിജെപി -സിപിഎം ഡീലാണ്. പനപ്പായയില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോയ പാരമ്പര്യം കോണ്‍ഗ്രസിന്റേതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. രണ്ട് വനിതാനേതാക്കളുടെ മുറിയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച പുരുഷ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്നും റെയ്ഡ് ആസൂത്രണം ചെയ്ത മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്നും എം.എം. ഹസ്സന്‍ ആവശ്യപ്പെട്ടു.