ഹേമ കമ്മീഷൻ റിപ്പോർട്ട്: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
Hema Commission Report: Kerala High Court Slams Government
കൊച്ചി∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സർക്കാർ നിഷ്ക്രിയത്വം കാണിച്ചെന്ന് കുറ്റപ്പെടുത്തിയ കോടതി, 2021ൽ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറണം. റിപ്പോർട്ടിൽ സ്വീകരിച്ച നടപടികളെ കുറിച്ച് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കണം. നടപടികളിൽ തിടുക്കം പാടില്ലെന്ന് നിർദേശിച്ച കോടതി എഫ്ഐആർ വേണോ എന്ന് റിപ്പോർട്ട് പരിശോധിച്ചുമാത്രം തീരുമാനിക്കാമെന്നും അഭിപ്രായപ്പെട്ടു.
മൂന്നു വർഷം സർക്കാർ നടപടിയെടുത്തില്ലെന്നത് ആശ്ചര്യമുളവാക്കുന്നതാണ്. റിപ്പോർട്ടിൽ ബലാത്സംഗം, പോക്സോ കേസുകൾ റജിസ്റ്റർ ചെയ്യാനുള്ള വസ്തുതയുണ്ട്. കേസെടുക്കാനുള്ള സാഹചര്യമില്ലെന്ന സർക്കാർ വാദം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനാണ് കമ്മിറ്റി വച്ചതെന്നും റിപ്പോർട്ടിൽ പരാതിക്കാരെ കുറിച്ചോ പരാതി എന്തെന്നോ ഇല്ലെന്നായിരുന്നു സർക്കാർ വാദം.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ആറു ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് ആണ് ആരംഭിച്ചിരിക്കുന്നത്. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഹർജികൾ കേൾക്കുന്നത്. പതിനൊന്നര വരെയുള്ള സിറ്റിങ്ങിൽ സിബിഐ അന്വേഷണത്തിന് വിടണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി, റിപ്പോർട്ടിലെ പേരുകൾ പുറത്തുവരരുത് എന്നാവശ്യപ്പെട്ടുള്ള ഹർജി, റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി തുടങ്ങിയവയാണ് പരിഗണിക്കുന്നത്. അന്വേഷണം വേണമെന്ന ഹർജിയിൽ കക്ഷി ചേരാൻ നടി രഞ്ജിനി അനുമതി തേടിയിട്ടുണ്ട്.