ആരോഗ്യ വകുപ്പ് ജീവനക്കാർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടാൻ പാടില്ല; വിവാദ ഉത്തരവ് പിന്‍വലിച്ചു
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയുള്ള സർക്കുലർ പിൻവലിച്ചു. ജീവനക്കാര്‍ സാമൂഹ്യമാധ്യമ ഇടപെടലുകള്‍ നടത്താന്‍ പാടില്ലെന്നും യുട്യൂബ് ചാനല്‍ ഉണ്ടാകരുതെന്നുമായിരുന്നുമായിരുന്നു ഈ മാസം 13ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
ഉത്തരവിനെതിരെ കെജിഎംഒഎ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവ് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും ഉത്തരവ് തിരുത്തണമെന്നും ആവശ്യം ശക്തമായിരുന്നു.
പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിധേയമാകാതെയും ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് തടസം സൃഷ്ടിക്കാതെയും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷകള്‍ വന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
പെരുമാറ്റച്ചട്ടമനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോസ്റ്റുകളിടുന്നതിനും സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നതിനും അനുമതി തേടാറുണ്ട്. ഇത്തരത്തില്‍ അനുമതി നല്‍കുമ്പോള്‍ ചട്ടലംഘനം സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് എല്ലാത്തരം സാമൂഹിക മാധ്യമ ഇടപെടലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്.
യൂട്യൂബ്, ഇന്‍സ്റ്റഗ്രാം പോലെയുള്ള ഇടങ്ങളില്‍ ചാനല്‍ തുടങ്ങിയാല്‍ പരസ്യവരുമാനം ഉള്‍പ്പെടെ സാമൂഹികനേട്ടങ്ങള്‍ ലഭിക്കാന്‍ ഇടയാക്കും. ഇത് 1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളിലെ 48-ാം വ്യവസ്ഥയ്‌ക്ക് വിരുദ്ധമാണെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.