ഹെലികോപ്റ്റർ താഴേക്കു പതിച്ചു; എയർലിഫ്റ്റ് ചെയ്യുന്നതിനിടെ കയർ പൊട്ടി
ന്യൂഡൽഹി∙ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നിന്ന് ഗൗച്ചറിലേക്ക് എംഐ 17 ചോപ്പർ എയർലിഫ്റ്റ് ചെയ്തുകൊണ്ടുവരികയായിരുന്ന ഹെലികോപ്റ്റർ കയർപൊട്ടി താഴേക്കു പതിച്ചു. ലിഞ്ചോളിയിലെ മന്ദാകിനി നദിയിലേക്കാണ് ഹെലികോപ്റ്റർ പതിച്ചത്. സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ആർക്കും പരുക്കില്ല. അപകടത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
സ്വകാര്യ കമ്പനിയുടെ തകരാറിലായ ഹെലികോപ്റ്റർ എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെ താഴെ വീണതായി പൊലീസിൽ നിന്ന് ദുരന്ത നിവാരണ സേനയ്ക്ക് വിവരം ലഭിച്ചതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. കേദാര്‍നാഥ് ഹെലിപാഡില്‍ നിന്ന് ഗൗച്ചറിലെ ഹെലിപാഡിലേക്ക് മറ്റൊരു ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കേദർനാഥിലെ ക്ഷേത്രത്തിലേക്ക് തീർഥാടകരെ എത്തിച്ചിരുന്ന ഹെലികോപ്റ്റാണ് തകർന്നത്.