ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത് അഞ്ചടി മാറി: പൊലീസ് മേധാവി

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു പോയ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നതില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. നിശ്ചയിച്ചതില്‍ നിന്നും അഞ്ചടി മാറിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തേക്ക് പിന്നീട് തള്ളിമാറ്റികയാണ് ചെയ്തത്. അതില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.
രാഷ്ട്രപതിയുടെ യാത്ര സംബന്ധിച്ച ആശയക്കുഴപ്പമാണ് സംഭവത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ നാലു മണിയായിട്ടും രാഷ്ട്രപതിയുടെ യാത്രാമാര്‍ഗത്തില്‍ തീരുമാനമായിരുന്നില്ല. രാവിലെ ആറു മണിയോടെയാണ് ഹെലികോപ്റ്റര്‍ എന്ന തീരുമാനത്തിലെത്തിയത്. പ്രമാടത്ത് അടിയന്തരമായി മൂന്നു ഹെലിപ്പാഡുകള്‍ സജ്ജമാക്കാന്‍ ഇന്നലെ വൈകീട്ടോടെ തീരുമാനിച്ചിരുന്നു. ഹെലിപ്പാഡ് ഇന്നലെ രാത്രി കോണ്‍ക്രീറ്റ് ചെയ്തു തുടങ്ങിയെങ്കിലും ഇന്നു പുലര്‍ച്ചെയാണ് പൂര്‍ത്തിയായത്.
ഹെലിപാഡ് നിര്‍മ്മാണത്തില്‍ വിശദീകരണവുമായി പൊതുമരാമത്ത് വകുപ്പും രംഗത്തെത്തി. പ്രമാടം ഗ്രൗണ്ടില്‍ ചെളിയും പൊടിപടലങ്ങളും ഒഴിവാക്കാനുള്ള ക്രമീകരണങ്ങളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നത്. എയര്‍ഫോഴ്‌സ് ജീവനക്കാര്‍ ചൂണ്ടിക്കാണിച്ച സ്ഥലത്താണ് ഹെലിപ്പാഡ് തയ്യാറാക്കിയത്. എയര്‍ഫോഴ്‌സ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ തന്നെയാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.