ഗാസയിൽ ബന്ദികളാക്കപ്പെട്ട 6 പേരുടെ മൃതദേഹം കണ്ടെത്തി; അവകാശവാദവുമായി ഇസ്രയേൽ സൈന്യം

0

ഗാസ : ഗാസ മുനമ്പിൽ നിന്ന് ബന്ദികളാക്കപ്പെട്ട ആറ് പേരുടെ മൃതദേഹം കണ്ടെത്തിയെന്ന അവകാശവുമായി ഇസ്രയേൽ സൈന്യം. ഒക്ടോബറിൽ ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹങ്ങളാണ് ഗാസ മുനമ്പിലെ ഖാൻ യുനിസ് മേഖലയിൽ നിന്ന് കണ്ടെത്തിയതെന്നാണ് ഇസ്രയേൽ സൈന്യം തിങ്കളാഴ്ച അവകാശപ്പെട്ടത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ് ഇസ്രയേൽ സൈന്യത്തിന്റെ വാദം. ഇവരുടെ പേരുകളും ഇസ്രയേൽ സൈന്യം പുറത്ത് വിട്ടിട്ടുണ്ട്.

ഇസ്രയേൽ സുരക്ഷാ ഏജൻസിക്കൊപ്പമുള്ള രക്ഷാപ്രവർത്തനത്തിനിടയിലാണ് കണ്ടെത്തലെന്നാണ് അവകാശവാദം. വെടിനിർത്തൽ ധാരണക്കായി നയതന്ത്ര ചർച്ചകളുടെ അടുത്ത റൗണ്ട് അടുത്ത ആഴ്ച ദോഹയിൽ നടക്കാനിരിക്കെയാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം. യാഗേവ് ബച്ച്താബ്, അലക്സാണ്ടർ ഡാൻസിഗ്, അവ്റാഹാം മുണ്ടർ, യോറാം മെറ്റ്സഗർ, നാദാവ് പോപ്പിൽവെൽ, ഹെം പെറി എന്നിവരുടെ മൃതദേഹങ്ങളാണ് നിലവിൽ കണ്ടെത്തിയതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്.

വെടിനിർത്തൽ പ്രഖ്യാപിക്കലിലൂടെ മാത്രമാകും ബന്ദികളുടെ മോചനം സാധ്യമാവുകയെന്നാണ് ധാരണാ ചർച്ചകളേക്കുറിച്ച് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി ആന്റണി ബ്ലിങ്കൻ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും ബന്ദികളെ വിട്ടയ്ക്കാനുമുള്ള ഏറ്റവും മികച്ചതും മിക്കവാറും അവസാനത്തേതുമായ അവസരമാണ് നിലവിലുള്ളതെന്നാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചത്. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഈ പ്രതികരണം.

തെക്കൻ ഇസ്രയേലിൽ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരുന്നു. ഒക്ടോബറിലെ ആക്രമണത്തിൽ 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതിന് പിന്നാലെ ഗാസയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 40000ലേറെ പലസ്തീനികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മധ്യ ഗാസയിലെ നുസൈറത്തിൽ വീട് ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടിരുന്നു. കുട്ടികളടക്കമുള്ളവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ദെയ്ർ അൽബലായിൽ 21 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെയായിരുന്നു ഈ ആക്രമണം. സ്കൂളുകൾക്കും യുഎൻ അഭയകേന്ദ്രമടക്കമുള്ളവയും ഇതിനോടകം ഗാസയിൽ ഇസ്രയേൽ ആക്രമണത്തിന് ഇരയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *