കനത്ത മഴയെ തുടർന്ന് ഷാർജയിൽ 61 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
ഷാർജ: കനത്ത മഴയെ തുടർന്ന് ഷാർജയിൽ 61 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. നാല് ഹോട്ടലുകളിലായി 346 പേർക്ക് താമസ സൗകര്യം ഒരുക്കിയെന്ന് ഷാർജ ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അതേസമയം ദുരിതമേഖല അധികൃതർ സന്ദർശിച്ച് നാശനഷ്ടങ്ങൾ രേഖപ്പെടുത്തി. എമിറേറ്റിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് പെയ്തത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഷാർജ സിവിൽ ഡിഫൻസും അറിയിച്ചു. വെള്ളം കുത്തിയൊഴുകുമ്പോൾ അത് മുറിച്ച് കടക്കാൻ ശ്രമിക്കുകയോ അതിലൂടെ വാഹനം ഓടിക്കുകയോ ചെയ്യരുത്, കുട്ടികളെ വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിൽ കളിക്കാൻ അനുവദിക്കരുത്, റോഡിലോ പാലത്തിലോ ജലനിരപ്പ് ഉയർന്നാൽ സ്വയരക്ഷയ്ക്ക് മുൻതൂക്കം നൽകണം എന്നിങ്ങനെയുള്ള മാർഗനിർദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്.