നിലമ്പൂര്‍-നാടുകാണി ചുരം വഴി രാത്രി യാത്ര പാടില്ല : മുന്നറിയിപ്പുമായി മലപ്പുറം കളക്ടർ

മലപ്പുറം : കേരളത്തിൽ കാലവർഷം ആരംഭിക്കുകയും മലപ്പുറം ജില്ലയില്‍ നാളെയും മറ്റന്നാളും (മെയ് 25, 26) റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറിന്റെ നിർദേശം. രാത്രി കാലങ്ങളിൽ നിലമ്പൂര്‍-നാടുകാണി ചുരം വഴി അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.
മലപ്പുറം ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനും നിര്‍ദേശം നല്‍കി.മണ്ണെടുക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ലെന്നും നിർദേശം ഉണ്ട്. 24 മണിക്കൂര്‍ മഴയില്ലാത്ത സാഹചര്യം വന്നാല്‍ മാത്രമേ ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പാടുള്ളൂ. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങള്‍, പുഴ – കനാല്‍ പുറമ്പോക്കുകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കളക്ടർ നിര്‍ദേശം നല്‍കി. ജൂണ്‍ ഒന്നുമുതല്‍ എന്‍ഡിആര്‍എഫ് സംഘം മലപ്പുറം ജില്ലയില്‍ ക്യാംപ് ചെയ്യുമെന്ന് കളക്ടർ അറിയിച്ചു.