കനത്തമഴയിൽ വന്‍നാശനഷ്ടം; മൂന്ന് മരണം, രണ്ട് ജില്ലകളിൽ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ നാശനഷ്ടം. മഴക്കെടുതിയില്‍ മൂന്ന് പേർക്ക് ജീവന്‍ നഷ്ടമായി. ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധര്‍മ്മപാലന്റെ മകന്‍ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു.
ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കാവില്‍കടവ് സ്വദേശി പാറെക്കാട്ടില്‍ ഷോണ്‍ സി ജാക്‌സണ്‍ (12) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ വീട്ടില്‍ നിന്ന്് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പെരുമഴയില്‍ കൊച്ചിയില്‍ വീണ്ടും വെളളക്കെട്ട് രൂപപ്പെട്ടു. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്. എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വെളളക്കെട്ടിനെത്തുടര്‍ന്ന് ഐ ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമയത്ത് എത്താനായില്ല.
നഗരത്തോട് ചേര്‍ന്ന താഴ്ന്ന മേഖലകളിലെ വീടുകളിലും വെളളം കയറി. ഫോര്‍ട്ടുകൊച്ചിയില്‍ കെ എസ് ആര്‍ ടി സി ബസിന് മുകളിലേക്ക് മരം വീണെങ്കിലും ആര്‍ക്കും പരിക്കില്ല. കളമശേരിയില്‍ വെളളം ഉയര്‍ന്നതോടെ ഒറ്റപ്പെട്ടുപോയവരെ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷപെടുത്തി.
ഇതോടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. കനത്തമഴ ലഭിച്ച കൊച്ചിയിലും കോട്ടയത്തും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്