കേരളത്തിൽ കനത്ത മഴ; പ്രളയ സാധ്യത മുന്നറിയിപ്പ്

0
RAIN TN

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് 9 ജില്ലകളില്‍ ഇന്ന്  യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. കണ്ണൂര്‍ കൂത്തുപറമ്പിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു. ചുട്ടാട് അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ജീവൻ നഷ്‌ടമായി. ഇടുക്കിയിൽ മരം വീണ് തോട്ടം തൊഴിലാളിയായ മധ്യവയസ്‌ക മരിച്ചു. മൂന്നാറിലുണ്ടായ മണ്ണിടിച്ചിലിൽ നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടങ്ങളാണ് സംസ്ഥാനത്തുടനീളം ഉണ്ടായിരിക്കുന്നത്. മലയോര പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്. നിരവധി പ്രദേശങ്ങളിൽ വീടിന് മുകളിലേക്ക് മരമൊടിഞ്ഞ് വീണ് നാശനഷ്‌ടമുണ്ടായി. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്‌ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: വാമനപുരം (മൈലാമ്മൂട് സ്റ്റേഷൻ),കൊല്ലം: പള്ളിക്കൽ ആനയടി,സ്റ്റേഷൻ), ആലപ്പുഴ:അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ),പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷൻ),അച്ചൻകോവിൽ (പന്തളം സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ-CWC), പമ്പ (മടമൺ-CWC)ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ-CWC),തൃശൂർ: ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ)കണ്ണൂർ: വളപട്ടണം (അയ്യപ്പൻകാവ് & അനുങ്ങോട് സ്റ്റേഷൻ)നദികളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ നിലനിൽക്കുന്നു. പത്തനംതിട്ടയിലെ മണിമല (തോണ്ട്ര സ്റ്റേഷൻ), അച്ചൻകോവില്‍ എന്നീ ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) നദികളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് രാവിലെ 08.30 വരെയും കാസർകോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 08.30 വരെയും 2.8 മുതൽ 3.4 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. തിരമാലയ്‌ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് അധിക്യതര്‍ അറിയിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *