മഴയെ നേരിടാൻ ഒരുങ്ങി കേരളം; വളണ്ടിയർമാർ മുതൽ ഹെലികോപ്റ്ററുകൾ വരെ സജ്ജം
തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യതയുണ്ട് എന്ന കാലാവസ്ഥാവകുപ്പിന്റെ പ്രവചനങ്ങൾ കണക്കിലെടുത്ത് കേരളം മഴയെ നേരിടാൻ ഒരുങ്ങി കഴിഞ്ഞു. വളണ്ടിയർമാർ മുതൽ ഹെലിപാഡുകൾ വരെയുള്ള മുൻകരുതലുകൾ സംസ്ഥാനത്ത് സജ്ജമായി കഴിഞ്ഞു. ദുരന്തനിവാരണ അതോറിറ്റി നൽകുന്ന വിവരമനുസരിച്ച് 15,000ൽ അധികം വളണ്ടിയർമാരാണ് പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്.
2018, 2019 വർഷത്തെ പ്രളയ ദുരന്തത്തെ അതിജീവിച്ച കേരളത്തിന് ഈ കാലവർഷത്തെയും നേരിടാൻ സാധിക്കുമെന്ന് ഉറപ്പ്. കഴിഞ്ഞ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനായി സ്വമേധയാ ഇറങ്ങിയ മത്സ്യത്തൊഴിലാളികളുമായി അധികൃതർ നിരന്തര ബന്ധം പുലർത്തുകയും താലൂക്ക് തലത്തിൽ എമർജൻസി ഓപ്പറേഷൻ റൂമുകൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
ദുരന്തനിവാരണ പ്രവർത്തന രീതിയിലും വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ടെന്നും ദുരന്തനിവാരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് വർദ്ധിച്ചതായും അധികൃതർ അറിയിച്ചു. നേരത്തെ സർക്കാർ വകുപ്പുകൾക്കായിരുന്നു ദുരന്തനിവാരണത്തിന്റെ ചുമതല നൽകിയിരുന്നത് എങ്കിൽ ഇപ്പോൾ അത് തദ്ദേശസ്ഥാപനങ്ങൾക്കായി മാറിയിട്ടുണ്ട്.
കൂടാതെ ദുരന്തനിവാരണ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ദുരന്ത നിവാരണത്തിന്റെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർബന്ധമായും പദ്ധതി ഉണ്ടായിരിക്കണമെന്നും ദുരന്തനിവാരണത്തിന് പണം വിനിയോഗിക്കാനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്നും അധികൃതർ അറിയിച്ചു. ഇതുകൂടാതെ തദ്ദേശസ്ഥാപനങ്ങളിൽ ദുരന്തനിവാരണത്തിനായി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുകയും പമ്പയുടെ തീരത്തെ തദ്ദേശസ്ഥാപനങ്ങളിൽ കാലാവസ്ഥ വ്യതിയാന പദ്ധതി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.