എക്സിൽ ചൂടൻ ചർച്ചകളുമായി മസ്കും ഖോസ്‌ലയും
വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് മത്സരത്തിലെ ഡോണൾഡ് ട്രംപിന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ചു ചൂടേറിയ വാഗ്വാദങ്ങളുമായി ഇന്ത്യൻ – അമേരിക്കൻ ശതകോടീശ്വരൻ വിനോദ് ഖോസ്‌ലയും ടെസ്‌ല സിഇഒ ഇലോൺ മസ്കും. എക്സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ഇരുവരുടെയും പരാമർശങ്ങൾ. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനു മുൻപന്തിയിൽനിന്ന ജോ ബൈഡൻ ഇന്നലെ പിന്മാറിയിരുന്നു. ഇതേത്തുടർന്ന് നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിനാണു സാധ്യതയേറിയിരിക്കുന്നത്. എന്നാൽ കമലയ്ക്കെതിരെ ഓപ്പൺ എഐ നിക്ഷേപകനും ഡെമോക്രാറ്റിക് പാർട്ടിക്ക് ഫണ്ട് നൽകുന്നയാളുമായ വിനോദ് ഖോസ്‌ല രംഗത്തെത്തിയതിനു പിന്നാലെ മസ്ക് നടത്തിയ പരാമർശങ്ങൾ ചർച്ചയായി.
മിഷിഗൻ ഗവർണർ ഗ്രെചൻ വിറ്റ്‌മറോ പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിറോയോ പോലുള്ള സ്ഥാനാർഥികളാവണം ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിലേക്കു വരേണ്ടത് എന്നാണ് ഖോസ്‌ലയുടെ നിലപാട്. തീവ്ര വലതുനിലപാടിലേക്കു പോകാത്ത പ്രസിഡന്റിനെയാണ് അമേരിക്കയ്ക്കു വേണ്ടതെന്നും ഖോസ്‌ല പറഞ്ഞു. ഇവർക്കുവേണ്ടി വാദിച്ച് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഖോസ‌്‌ല ഇട്ട കുറിപ്പിനുള്ള മറുപടിയായി ട്രംപ് എത്തുകയായിരുന്നു. ‘ട്രംപിനും വാൻസിനും വേണ്ടി വോട്ട് ചെയ്യൂ’ എന്നായിരുന്നു മസ്കിന്റെ കുറിപ്പ്. ഇതിനു ഖോസ്‌ല നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ‘‘യാതൊരു മൂല്യങ്ങളുമില്ലാത്ത, നുണകളും വഞ്ചനയും ബലാത്സംഗവും സ്ത്രീകളെ ഇകഴ്ത്തിക്കാട്ടുകയും എന്നെപ്പോലുള്ള കുടിയേറ്റക്കാരെ വെറുക്കുകയും ചെയ്യുന്ന ഒരാളെ പിന്തുണയ്ക്കുക ബുദ്ധിമുട്ടാണ്.
അദ്ദേഹം ചിലപ്പോൾ എന്റെ നികുതികൾ വെട്ടിക്കുറച്ചേക്കാം ചില നിയന്ത്രണങ്ങൾ കുറച്ചേക്കാം. എന്നാൽ വ്യക്തിപരമായ മൂല്യങ്ങളില്ലാത്ത ഒരാളെ അംഗീകരിക്കാനുള്ള കാരണമല്ലത്. മൂല്യങ്ങളെക്കുറിച്ച് നിങ്ങളുടെ കുട്ടികൾക്കു ഇദ്ദേഹത്തിന്റെ ഉദാഹരണമാണോ നൽകേണ്ടത്?’’– ഖോസ്‌ല ചോദിച്ചു. ഇതിനു മറുപടിയുമായി മസ്ക് എത്തി. ട്രംപ് ഖോസ്‌ലയെ വെറുക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഭരണകൂടം മെറിറ്റിനെയും വ്യക്തിസ്വാതന്ത്ര്യത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. ‘‘അദ്ദേഹം നിങ്ങളെ വെറുക്കുന്നില്ല. അദ്ദേഹത്തിന് നിങ്ങളെ ഇഷ്ടമാണ്.
നേരിട്ടു പരിചയപ്പെട്ട് മനസ്സിലാക്കൂ. മാധ്യമങ്ങളിൽക്കാണുന്നതിൽ എത്രത്തോളം ശരിയുണ്ടെന്ന് നിങ്ങൾക്കറിയാം. രാഷ്ട്രീയത്തിൽ അതു വളരെ മോശമാണ്. ട്രംപിന് കുഴപ്പങ്ങളില്ല എന്നല്ല. എന്നാൽ ഇതുപോലെ മെറിറ്റിനെയും വ്യക്തിസ്വാതന്ത്ര്യത്തെയും പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടമാണ് വേണ്ടത്. വളരെ വർഷങ്ങൾക്കുമുൻപ് അതു ഡെമോക്രാറ്റിക് പാർട്ടിയായിരുന്നു. എന്നാൽ ഇന്ന് ആ പെൻഡുലം റിപ്പബ്ലിക്കൻ പാർട്ടിയിലേക്കാണ് നീങ്ങുന്നത്’’ – മസ്ക് കുറിച്ചു. ജനുവരി ആറിലെ പ്രക്ഷോഭം മറക്കണമെന്നാണോ ചോദിക്കുന്നതെന്നും ഇതിനുള്ള മറുപടിയിൽ ഖോസ്‌ല തിരിച്ചു ചോദിക്കുന്നുണ്ട്.