ഒന്നര വയസുകാരി കിണറ്റിൽ വീണു മരിച്ച നിലയിൽ; മരിച്ചത് തൃശൂർ വെള്ളറക്കാട് സ്വദേശികളുടെ മകൾ അമയ.
വെള്ളറക്കാട് (തൃശൂർ)∙ ചിറമനെങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകൾ അമയയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് കുട്ടി കിണറ്റിൽ വീണു കിടക്കുന്ന നിലയിൽ അമ്മ ജിഷ കാണുന്നത്. ഇവർ അയൽ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. വെള്ളത്തിൽ മലർന്നു പൊങ്ങിക്കിടക്കുന്നന്ന നിലയിലായിരുന്നു കുട്ടി. നാട്ടുകാർ വിവരം എരുമപ്പെട്ടി പൊലീസിനെ അറിയിച്ചു. കുന്നംകുളത്തുനിന്ന് അഗ്നിരക്ഷാ സംഘമെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശിയും മാത്രമാണ് രാത്രി വീട്ടിൽ ഉണ്ടായിരുന്നത്. കുട്ടിയെ കാണാതായ ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്.