ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനെ നാളെ അറിയാം

ന്യുഡൽഹി :ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനെ നാളെ അറിയാം. ഈ മാസം ആദ്യം ലഭിച്ച 170 അപേക്ഷകളില്‍ മൂന്ന് പേരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. സ്റ്റീഫൻ കോൺസ്റ്റന്‍റെെൻ, ഖാലിദ് ജാമിൽ, സ്റ്റെഫാൻ ടാർകോവിച്ച് എന്നിവരില്‍ ഒരാളാകും ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുക. നേരത്തെ അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിനായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ സാങ്കേതിക സമിതി (TC) വെർച്വലായി യോഗം ചേർന്നിരുന്നു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളടക്കം പുതിയ പരിശീലകന് മുന്നിൽ ഉണ്ടാകുന്ന ചുമതലകൾ ഏറെയാണ്. നാളെ നടക്കുന്ന ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പുതിയ പരിശീലകനെ പ്രഖ്യാപിക്കും.
സ്റ്റീഫൻ കോൺസ്റ്റന്‍റെെന്‍ (ഇംഗ്ലണ്ട്):ഇന്ത്യൻ പുരുഷ ദേശീയ ടീമിനെ രണ്ടുതവണ പരിശീലിപ്പിച്ചിട്ടുള്ള സ്റ്റീഫൻ കോൺസ്റ്റന്‍റെെന്‍ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് പരിചിതനായ വ്യക്തിയാണ്. 2002 മുതൽ 2005 വരെയും 2015 മുതൽ 2019 വരെയും അദ്ദേഹം ഇന്ത്യൻ ടീമിന് കളി പഠിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഫിഫ റാങ്കിംഗ് ഗണ്യമായി മെച്ചപ്പെടുത്തിയതിന്‍റെ ബഹുമതിയും അദ്ദേഹത്തിനുണ്ട്.
ഖാലിദ് ജാമില്‍ (കുവൈത്ത്, ഇന്ത്യ): ഖാലിദ് ജാമിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്‌പൂര്‍ എഫ്‌സിയുടെ മുഖ്യ പരിശീലകനാണ്. 2026 വരെ ജംഷഡ്‌പൂരുമായി കരാറിലേർപ്പെട്ടിരിക്കുന്ന ജാമിൽ ഒരു ദശാബ്ദത്തിലേറെയായി ഐഎസ്എല്ലിലും ഐ-ലീഗിലും ഇന്ത്യൻ ക്ലബ്ബുകളെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ നേട്ടം ഐസ്വാൾ എഫ്‌സിയുമായി 2016-17 ലെ ഐ-ലീഗ് കിരീടം നേടിയതാണ്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ബെംഗളൂരു എഫ്‌സി തുടങ്ങിയ വമ്പന്മാരെ പരാജയപ്പെടുത്തിയാണ് ഐസ്വാൾ കിരീടത്തില്‍ മുത്തമിട്ടത്. കുവൈറ്റിൽ ജനിച്ച ജാമിൽ തന്‍റെ മുഴുവൻ പ്രൊഫഷണൽ കരിയറും ഇന്ത്യൻ കളങ്ങളിലാണ് ജീവിച്ചത്. നേരത്തെ ജമീൽ മഹീന്ദ്ര യുണൈറ്റഡിനും എയർ ഇന്ത്യ എഫ്‌സിക്കും വേണ്ടി കളിച്ചിരുന്നു. അവസാനമായി 2009 ൽ മുംബൈ എഫ്‌സിക്ക് വേണ്ടിയും കളിച്ചു. 2009 ൽ പരിക്കുമൂലം താരം വിരമിക്കുകയും പരിശീലന ജീവതത്തിലേക്ക് കടക്കുകയുമായിരുന്നു.
സ്റ്റെഫാൻ ടർക്കോവിച്ച് (ചെക്കോ സ്ലൊവാക്യ):2021-ൽ നടന്ന യൂറോ 2020-ൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ടിനെ 2-1ന് പരാജയപ്പെടുത്തിയ സ്ലൊവാക്യൻ ടീമിന്‍റെ പരിശീലകനായിരുന്നു സ്റ്റെഫാൻ ടർക്കോവിച്ച്. അതിനാൽ, ഫെഡറേഷന്‍ ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത മൂന്ന് പരിശീലകരിൽ ഏറ്റവും ഉയർന്ന പ്രൊഫൈൽ ജോലി പരിചയം തർക്കോവിച്ചിനാണെന്ന് പറയാം. 52 വയസ്സുള്ള തർക്കോവിച്ച് 27 വയസ്സുള്ളപ്പോൾ തന്‍റെ പരിശീലക ജീവിതം ആരംഭിച്ചിരുന്നു. സ്ലോവാക്യൻ അക്കാദമിയുടെ പരിശീലകനായും സ്പോർട്ടിംഗ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബുകളെയും സ്ലോവാക്യൻ യൂത്ത് ടീമുകളെയും പരിശീലിപ്പിച്ചിട്ടുള്ള തർക്കോവിച്ച് 2020 ൽ സ്ലോവാക്യൻ ദേശീയ ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റു. യൂറോ 2020 ൽ സ്ലോവാക്യ പോളണ്ടിനെ പരാജയപ്പെടുത്തിയെങ്കിലും, അവർ പിന്നീട് സ്വീഡനോടും സ്പെയിനിനോടും തോറ്റ്, നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ കഴിഞ്ഞില്ല. പിന്നീട് 2023ല്‍, കിർഗിസ്ഥാൻ ദേശീയ ടീമിന്‍റെ ചുമതല ഏറ്റെടുക്കുകയുണ്ടായി