തന്റെ മെഡൽ സമർപ്പിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക്
പാരീസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങിയിരിക്കുകയാണ്. ഇത്തവണത്തെ വനിതകളുടെ 200 മീറ്റര്‍ മത്സരത്തില്‍ വെങ്കലം കരസ്ഥമാക്കിയ അമേരിക്കന്‍ അത്‌ലറ്റ് ബ്രിട്ട്‌നി ബ്രൗണ്‍ പുരസ്‌കാരനേട്ടത്തിനുശേഷം പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ മെഡൽ സമർപ്പിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുവിഭാഗം സ്ത്രീകൾക്കാണെന്നു പറയുകയാണ് ബ്രിട്ടനി. തന്നെപ്പോലെ എൻഡോമെട്രിയോസിസ് എന്ന ആരോഗ്യപ്രശ്നം മൂലം ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്കുവേണ്ടിയാണ് ഈ മെഡലെന്ന് ഇരുപത്തിയൊമ്പതുകാരിയായ ബ്രിട്ടനി പറയുന്നു.
എൻഡോമെട്രിയോസിസ് മൂലം കഷ്ടപ്പെടുന്ന എല്ലാ സ്ത്രീകൾക്കുംവേണ്ടി ഈ പുരസ്കാരം സമർപ്പിക്കുന്നുവെന്നാണ് ബ്രിട്ടനി പറഞ്ഞത്. ആരോഗ്യപ്രശ്നങ്ങളുള്ള എല്ലാ സ്ത്രീകൾക്കും, എൻഡോമെട്രിയോസിസിസും പോളിസിസ്റ്റിക് ഓവറി സിൻഡ്രം ഉള്ള എല്ലാ സ്ത്രീകൾക്കും എന്നുപറഞ്ഞാണ് ബ്രിട്ടനി തന്റെ പുരസ്കാരം സമർപ്പിക്കുന്നത്. എന്നെ ആരും ശ്രദ്ധിക്കുന്നില്ല, കോച്ചുകൾ വേണ്ടപോലെ ശ്രദ്ധിക്കുന്നില്ല എന്നെല്ലാം കരുതുന്ന അത്ലറ്റുകളോട് പറയാനുള്ളത്, താൻ അവർക്കൊപ്പമുണ്ടെന്നും അവരിലൊരാൾ ആണെന്നുമാണ്.- നിറകണ്ണുകളോടെ ബ്രിട്ടനി പറഞ്ഞു.
ഈ വർഷമാദ്യമാണ് ബ്രിട്ടനി എൻഡോമെട്രിയോസിസ് ഉള്ളതിനേക്കുറിച്ച് തുറന്നുപറഞ്ഞത്
എന്താണ് എൻഡോമെട്രിയോസിസ്?
ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗമാകാം.
ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും.
എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്.
ലോകത്ത് പത്തുശതമാനം സ്ത്രീകളിൽ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ് എന്ന് കരുതുന്നു.
ലക്ഷണങ്ങൾ
ആർത്തവം വരുന്നതിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്തുണ്ടാവുന്ന വേദന, വന്ധ്യത, മാറാതെ നിൽക്കുന്ന അടിവയറുവേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്.
ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തണം. അൾട്രാസൗണ്ട് സ്‌കാൻ, സി.ടി, എം.ആർ.ഐ സ്‌കാനുകൾ എന്നിവ വഴി രോഗം കണ്ടെത്താം. ഏറ്റവും നല്ലത് ലാപ്രോസ്‌കോപി പരിശോധനയാണ്. താക്കോൽദ്വാര ശസ്ത്രക്രിയക്ക് സമാനമാണ് ഈ പരിശോധന.
ചികിത്സ
രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദനകുറച്ച് ലാപ്രോസ്‌കോപ്പി വഴി എൻഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലർക്ക് ഹോർമോൺ ചികിത്സ ആവശ്യമായി വരാറുണ്ട്. അപൂർവസാഹചര്യങ്ങളിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടിയും വന്നേക്കാം.