ഹൈക്കോടതി തോമസ് ഐസക്കിനോട് ; ഒരു തവണ ചോദ്യം ചെയ്യലിന് ഹാജരായിക്കൂടെ?
കൊച്ചി: മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി ടിഎം തോമസ് ഐസകും കിഫ്ബി സിഇഒയും നല്കിയ ഹര്‍ജിയിൽ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് ഹൈക്കോടതി. ഒറ്റതവണ സമൻസിന് മറുപടി നൽകിക്കൂടെയെന്ന് ഹൈക്കോടതി ചോദിച്ചു. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താമെന്നും കോടതിയുടെ നിരീക്ഷണത്തിൽ ചോദ്യം ചെയ്യലിന് ഹാജരായിക്കൂടെയെന്നും ഹൈക്കോടതി ആരാഞ്ഞു. ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങള്‍ പകര്ത്തുമല്ലോയെന്നും കോടതി ചോദിച്ചു. കോടതിയുടെ നിർദേശത്തിൽ കക്ഷികളുമായി കൂടിയാലോചിച്ച് തിങ്കളാഴ്ച മറുപടി നൽകാമെന്ന് അഭിഭാഷകർ അറിയിച്ചു.
മസാലബോണ്ട് ഇടപാടിൽ രണ്ട് സമൻസാണ് ലഭിച്ചതെന്ന് കിഫ്ബിക്ക് കോടതിയെ അറിയിച്ചു. ഒരു സമൻസ് സർട്ടിഫൈഡ് കോപ്പി നൽകാനും ഒന്ന് നേരിട്ട് ഹാജരാകാനുമുള്ളതാണ്. സർട്ടിഫൈഡ് കോപ്പി നൽകാൻ തയ്യാറാണെന്നും സിഇഒയോട് നേരിട്ട് ഹാജരാകാൻ പറഞ്ഞതാണ് ചോദ്യം ചെയ്യുന്നതെന്നും കിഫ്ബി കോടതിയെ അറിയിച്ചു. കോടതിയുടെ നിർദേശത്തിൽ കക്ഷികൾക്ക് തൃപ്തി ഇല്ലെങ്കിൽ മെറിറ്റിൽ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.