ഹാഥ്‌റസ് ദുരന്തം: മരണസംഖ്യ ഉയരുന്നു, ഏറെയും സ്ത്രീകളും കുട്ടികളും
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. 120 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവരിൽ ഏറെയും സ്ത്രീകളാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആധ്യാത്മിക പരിപാടിയ്‌ക്കിടെയാണ് അപകടമുണ്ടായത്. ചടങ്ങ് അവസാനിച്ചതിന് പിന്നാലെ മടങ്ങിപ്പോകുന്നതിനായി ആളുകള്‍ തിരക്കുകൂട്ടിയതാണ് ദുരന്തത്തിന് കാരണം. മരിച്ചവരിൽ കുട്ടികളുമുണ്ട്. പരിക്കേറ്റ നിരവധി പേർ ഇറ്റാ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആഗ്ര എ.ഡി.ജി, അലിഗഢ് കമീഷണർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ചു.
അപകടത്തിൽ ദുഃഖം രേഖപെടുത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉടൻ സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഭോലേ ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവം നാരായൺ സാകർ ഹരി നടത്തിയ ഒരു സത്‌സംഗിലാണ് പിഞ്ചുകുഞ്ഞുങ്ങൾക്കുൾപ്പടെ ദാരുണാന്ത്യമുണ്ടായത്. ആളുകൾ കൂട്ടമായെത്തി പ്രാർഥന നടത്തുന്ന സത്‌സംഗുകൾ സർവസാധാരണമാണ് യുപിയിൽ. ഇത്തരത്തിൽ ഭോലേ ബാബ നടത്തിയ സത്‌സംഗിന്റെ സമാപനത്തിൽ തിക്കും തിരക്കുമുണ്ടാവുകയും ആളുകൾ കൊല്ലപ്പെടുകയുമായിരുന്നു.
ഉത്തർപ്രദേശിൽ ഏട്ടാഹ് ജില്ലയിലെ ബഹദൂർ സ്വദേശിയായ ഭോലേ ബാബ, ഇന്റലിജൻസ് ബ്യൂറോയിലെ മുൻ ജീവനക്കാരനെന്നാണ് അവകാശപ്പെട്ടിരുന്നത്. 26 വർഷം മുമ്പ് ഉൾവിളി തോന്നി ഭക്തിമാർഗം സ്വീകരിച്ചുവെന്നും ജോലി ഉപേക്ഷിച്ചുവെന്നും ഇയാൾ ഭക്തരെ വിശ്വസിപ്പിച്ചിരുന്നു. ഇന്ത്യയിലുടനീളം പത്ത് ലക്ഷത്തിലധികം അനുയായികൾ ഇയാൾക്കുണ്ട്. അനുയായികൾക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്ന ഇയാൾ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ സ്ഥിരമായി സത്‌സംഗുകളും സംഘടിപ്പിച്ച് വന്നിരുന്നു