ഹരിയാന തിരഞ്ഞെടുപ്പ്: കോൺഗ്രസ്-എഎപി സഖ്യ ചർച്ചകൾ തകർന്നു, കരാറിനെ ഹൂഡ എതിർത്തു

0

ചണ്ഡിഗഡ്∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യസാധ്യത ചർച്ചകൾ പരാജയമെന്ന് വിവരം. നാളെ സ്ഥാനാർഥിളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. സംസ്ഥാനത്തെ 50 നിയമസഭാ സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

നിയമസഭയിൽ മത്സരിക്കാനായി 10 സീറ്റുകളാണ് എഎപി കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. 7 സീറ്റുകൾ വരെ നൽകാമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. ഇതോടെയാണ് സഖ്യ സാധ്യതകൾ അടയുന്നത്. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി ഇരു പാർട്ടികളും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ചാണ് മത്സരിച്ചത്.

ഹരിയാനയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ രാഹുൽ ഗാന്ധിയാണ് താൽപര്യം പ്രകടിപ്പിച്ചത്. എന്നാൽ സീറ്റ് വിഭജന ചർച്ചകളുമായി ബന്ധപ്പെട്ട് പാർട്ടികളുടെ സംസ്ഥാന ഘടകങ്ങൾ ഇടയുകയായിരുന്നു. സഖ്യത്തെ ഭൂപീന്ദർ സിങ് ഹൂഡ വിഭാഗം, ശക്തമായി എതിർത്തു. ഒരു യോഗത്തിൽ നിന്നും ഹൂഡ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

ആം ആദ്മി പാർട്ടിയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ദീപക് ബാബരിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആം ആദ്മി പാർട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അടക്കം സ്ഥാനാർഥികളാക്കി ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് ഇന്നലെ പുറത്തിറക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *