ഹർഷിത് റാണ ടീമിൽ, അരങ്ങേറ്റം കുറിക്കും;തുടർ തോൽവികൾക്കിടെ മൂന്നാം ടെസ്റ്റിനു മുൻപേ ടീമിൽ വീണ്ടും മാറ്റവുമായി സിലക്ടർമാർ
ന്യൂഡൽഹി∙ പേസർ ഹർഷിത് റാണയെ ന്യൂസീലൻഡിന് എതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ടീമിന്റെ റിസർവ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഹർഷിതിനെ ഡൽഹിക്കായി രഞ്ജി ട്രോഫി കളിക്കാൻ ടീമിൽ നിന്ന് റിലീസ് ചെയ്തിരുന്നു. പിന്നാലെയാണ് മൂന്നാം ടെസ്റ്റിനായി തിരികെ വിളിപ്പിച്ചത്. വരാനിരിക്കുന്ന ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിലും ഹർഷിതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിരണ്ടുകാരനായ വലംകൈ പേസർ ഇന്ന് ടീമിനൊപ്പം ചേരും.
നവംബർ ഒന്നിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ ഹർഷിത് റാണ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നൽകിയാകും റാണയെ കളത്തിലിറക്കുക.
ഗൗതം ഗംഭീർ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായതു മുതൽ തലവര തെളിഞ്ഞ താരമാണ് ഹർഷിത്. ഐപിഎലിൽ ഗംഭീർ മെന്ററായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു റാണ. കൊൽക്കത്ത കിരീടം ചൂടിയ കഴിഞ്ഞ സീസണിൽ 19 വിക്കറ്റുമായി തിളങ്ങുകയും ചെയ്തു. ഗുഡ് ലെങ്ത് ഏരിയയിൽ പന്തു പിച്ച് ചെയ്യിപ്പിച്ച് അധിക പേസും ബൗൺസും കൊണ്ട് ബാറ്റർമാരെ അതിശയിപ്പിക്കുന്ന പ്രകടനമാണ് റാണയെ ഇന്ത്യൻ ടീമിലെത്തിച്ചത്. മറ്റു പേസർമാരേക്കാൾ താരതമ്യേന വേഗമേറിയ പന്തുകളും റാണയുടെ വജ്രായുധമാണ്.
ഇതിനു പുറമേ, ബാറ്റിങ്ങ് അറിയാമെന്നതും റാണയ്ക്ക് അനുകൂല ഘടകമാണ്. രഞ്ജി ട്രോഫിയിൽ അസമിനെതിരായ മത്സരത്തിൽ ഡൽഹിക്കായി ഏഴു വിക്കറ്റും 59 റൺസും നേടി തിളങ്ങി നിൽക്കുമ്പോഴാണ് റാണ ദേശീയ ടീമിലേക്ക് എത്തുന്നത്. ആരോഗ്യപരമായ പ്രശ്നങ്ങൾ തിരിച്ചടിച്ചിരുന്നില്ലെങ്കിൽ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കേണ്ട താരമായിരുന്നു റാണ. അന്ന് ടീമിൽ ഇം പിടിക്കാനായില്ലെങ്കിലും ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ നിർണായകമായ മൂന്നാം ടെസ്റ്റ് റാണയുടെ അരങ്ങേറ്റത്തിന് വേദിയാകുമെന്നാണ് റിപ്പോർട്ടുകൾ.
വാങ്കഡെയിലേത് സാധാരണ പിച്ചായതിനാൽ മൂന്നു പേസർമാരുമായാകും ഇന്ത്യ കളിക്കുകയെന്നാണ് വിവരം. അങ്ങനെയെങ്കിൽ മൂന്നാം പേസറായി റാണ ടീമിൽ ഇടം പിടിക്കും. മൂന്നു സ്പിന്നർമാരെ കളിപ്പിക്കാൻ തീരുമാനിച്ചാലും ബുമ്രയ്ക്ക് വിശ്രമം അനുവദിച്ച് റാണയെ കളത്തിലിറക്കിയേക്കും.