യുവനടിയുടെ പീഡന പരാതി; സിദ്ദിഖിനെതിരെ കേസെടുത്തു, പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും
തിരുവനന്തപുരം: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുതിർന്ന നടനും അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. ഇത് സമാനമായ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വച്ച് പരാതിക്കാരിയായ യുവനടിയെ 2016ൽ നടൻ സിദ്ദിഖ് ബലാത്സംഗം ചെയ്‌തുവെന്നാണ് ആരോപണം. ഇന്നലെയാണ് ഡിജിപിക്ക് നടി പരാതി നൽകിയത്. ഇമെയിൽ മുഖേനയായിരുന്നു പരാതി കൈമാറിയത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌തു പീഡിപ്പിച്ചു എന്നായിരുന്നു പരാതിയിൽ പറയുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ പ്രകാരമാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. നടൻ സിദ്ദിഖ് തന്നെ ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം തന്നെ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു നടി ആരോപിച്ചത്. വർഷങ്ങൾക്ക് മുൻപ് തന്നെ നടി ഇക്കാര്യം പറഞ്ഞിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല.
നടിയുടെ വെളിപ്പെടുത്തലിന് പിന്നലെ സിദ്ദിഖ് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിനെതിരെ യുവനടി ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നത്. ആദ്യം മാധ്യമങ്ങളിലൂടെ ആയിരുന്നു ഇവർ ആരോപണം ഉന്നയിച്ചത്.
‘പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടത്. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മസ്‌കറ്റ് ഹോട്ടലിൽ ചർച്ചയ്ക്ക് വിളിച്ചു. അന്ന് എനിക്ക് 21 വയസാണ്. അവിടെ ചെന്നപ്പോൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. അയാളെന്നെ പൂട്ടിയിട്ടു. അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു’ എന്നായിരുന്നു നടിയുടെ ആരോപണം.
എന്നാൽ നടിക്കെതിരെ സിദ്ദിഖും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. നടിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അവർക്ക് മറ്റെന്തോ അജണ്ട ഉണ്ടെന്നും പരാതിയിൽ സിദ്ദിഖ് ചൂണ്ടിക്കാണിക്കുന്നു. വ്യത്യസ്‌ത സമയങ്ങളിൽ ഇവർ വ്യത്യസ്‌ത ആരോപണങ്ങൾ ഉന്നയിക്കുന്നതായും സിദ്ദിഖ് നൽകിയ പരാതിയിൽ പറയുന്നുണ്ട്.
അതേസമയം, സിദ്ദിഖ് അടക്കമുള്ള ഭാരവാഹികൾക്കും മുതിർന്ന അംഗങ്ങൾക്കും എതിരെ ആരോപണം ശക്തമായതോടെ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവച്ചിരുന്നു. പ്രസിഡന്റ് കൂടിയായ മോഹൻലാൽ ഉൾപ്പെടെയുള്ള അംഗങ്ങളാണ് ഇന്നലെ ചേർന്ന ഓൺലൈൻ യോഗത്തിന് ശേഷം രാജിപ്രഖ്യാപനം നടത്തിയത്.