ക്രിക്കറ്റ് മത്സരത്തിനിടെ പ്രിയദർശൻ്റെ കണ്ണിന് പരിക്കേറ്റ ഹനീഫ് മുഹമ്മദ് വീണ്ടും ഒന്നിക്കുന്നു
ഒരിക്കലും കണ്ണില്‍നിന്നു മായാത്ത ഓര്‍മ്മയാണ് സംവിധായകന്‍ പ്രിയദര്‍ശന് ക്രിക്കറ്റും ഹനീഫ് മുഹമ്മദെന്ന പേസ് ബൗളറും. ഒരു കണ്ണിന്റെ കാഴ്ചയോളമുള്ള ബന്ധം. കളിക്കാരനായി വിലസിയ കാലത്തുനിന്ന് ടീം ഉടമയിലേക്കുള്ള വളര്‍ച്ചയുടെ ഘട്ടത്തില്‍ ഈ ബന്ധത്തിലൊരു ട്വിസ്റ്റുമായി പ്രിയന്‍ വീണ്ടും മൈതാനത്തെത്തി, സിനിമകളുടെ ഹൃദയഹാരിയായ ക്ലൈമാക്സുപോലെ. ആ ട്വിസ്റ്റില്‍ പ്രിയനൊപ്പമുള്ള പ്രധാനതാരമായി അന്ന് കണ്ണിനു പരിക്കേല്‍പ്പിച്ച പേസ് ബൗളര്‍ ഹനീഫ് മുഹമ്മദ്.
40 വര്‍ഷംമുന്‍പുള്ള കോളേജ് കാലത്തെ ക്രിക്കറ്റ് കളിക്കിടെയാണ് പ്രിയന് ഒരു കണ്ണിന് സാരമായി പരിക്കേറ്റത്. കാഴ്ചവരെ നഷ്ടമാകുന്ന അവസ്ഥയിലായി. അന്ന് മൈതാനത്തുനിന്ന് വിടപറഞ്ഞെങ്കിലും ക്രിക്കറ്റിനോടുള്ള ഇഷ്ടം കുറഞ്ഞില്ല. അതാണ് കേരള ക്രിക്കറ്റ് ലീഗിലെ ട്രിവാന്‍ഡ്രം റോയല്‍സിന്റെ ഉടമവരെയാക്കിമാറ്റിയത്. ലീഗില്‍ ടീം ആദ്യകളിക്കിറങ്ങുമ്പോളാണ് മനോഹരമായ ആ ട്വിസ്റ്റ് സംഭവിച്ചത്. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിയായിരുന്ന പ്രിയദര്‍ശനെന്ന ബാറ്ററുടെ കണ്ണ് എറിഞ്ഞു പരിക്കേല്‍പ്പിച്ച ബൗളറെ അദ്ദേഹം ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു, ആലപ്പുഴക്കാരനും 1980-കളിലെ കേരളത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറുമായ ഹനീഫ് മുഹമ്മദ് അങ്ങനെയാണ് ആ സീനിലേക്കെത്തിയത്.
ഒരു ലീഗ് മത്സരത്തിനിടെ തന്റെ പന്ത് ബാറ്ററെ പരിക്കേല്‍പ്പിച്ചത് ഹനീഫ് മുഹമ്മദിന്റെ ഓര്‍മ്മയില്‍പ്പോലുമുണ്ടായിരുന്നില്ല. പ്രിയദര്‍ശന്റെ കണ്ണിന് പരിക്കേറ്റതില്‍ തനിക്ക് പങ്കുണ്ടെന്നകാര്യവും അദ്ദേഹം ഇതുവരെ അറിഞ്ഞിരുന്നില്ല. എന്നാല്‍, കണ്ണിനേറ്റ പരിക്ക് മറക്കാന്‍കഴിയാതിരുന്ന പ്രിയദര്‍ശന്‍ ഹനീഫ് മുഹമ്മദിനെയും എല്ലാകാലത്തും ഓര്‍മ്മിച്ചിരുന്നു. അങ്ങനെയാണ് തന്റെ ജീവിതത്തിലെ മനോഹരമായ സായാഹ്നത്തിലേക്ക് പ്രിയനെന്ന മുന്‍ ബാറ്റര്‍ ഹനീഫ് മുഹമ്മദെന്ന മുന്‍ പേസ് ബൗളറെ ഒപ്പംകൂട്ടിയത്. ശാരീരികാവശതകളെത്തുടര്‍ന്ന് വീല്‍ച്ചെയറിലാണ് ഹനീഫ് മുഹമ്മദ് എത്തിയത്.