ഗാസ വെടിനിർത്തൽ: സുപ്രധാന ആവശ്യം ഒഴിവാക്കി ഹമാസ്; ആദ്യഘട്ട ചർച്ച വിജയം.
ജറുസലം: ഗാസയിൽ വെടിനിർത്തലിന് വഴിയൊരുക്കി ഇസ്രയേൽ ബന്ദികളെ വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഹമാസിന്റെ അംഗീകാരം. ഘട്ടം ഘട്ടമായ വെടിനിർത്തലിനു യുഎസ് വച്ച വ്യവസ്ഥകൾക്കാണ് ഹമാസ് പ്രാഥമിക അംഗീകാരം നൽകിയത്. കരാർ ഒപ്പിടും മുൻപേ സ്ഥിരം വെടിനിർത്തലിന് ഇസ്രയേൽ സമ്മതിക്കണമെന്ന സുപ്രധാന ആവശ്യം ഒഴിവാക്കാനും ഹമാസ് സമ്മതിച്ചു. പകരം 6 ആഴ്ച നീളുന്ന ആദ്യഘട്ട വെടിനിർത്തലിനിടെ ചർച്ചകളിലൂടെ സ്ഥിരം വെടിനിർത്തലിലേക്ക് എത്താമെന്ന ധാരണയുടെ അടിസ്ഥാനത്തിലാവും സമാധാനശ്രമം ആരംഭിക്കുക.
ദോഹയിലെ പ്രാരംഭ ചർച്ചയിൽ ഇക്കാര്യത്തിൽ ഇരുപക്ഷവും ധാരണയായി. ഗാസ യുദ്ധം അവസാനിപ്പിക്കാനായി ഖത്തർ, ഈജിപ്ത്, യുഎസ് എന്നിവരുടെ മധ്യസ്ഥതയിൽ നടന്ന കഴിഞ്ഞ 2 ചർച്ചകളിലും ഹമാസ് വച്ച സ്ഥിരം വെടിനിർത്തൽ ആദ്യം എന്ന വ്യവസ്ഥ ആയിരുന്നു ഇസ്രയേൽ ഉന്നയിച്ച പ്രധാന തടസ്സം. ഇതാണ്ണ് ഇപ്പോൾ നീങ്ങുന്നത്. ദോഹയിലെ പ്രാരംഭ ചർച്ചകൾക്കുശേഷം മൊസാദ് തലവൻ ഇസ്രയേലിലേക്കു മടങ്ങി. അടുത്തയാഴ്ച ചർച്ച തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് വ്യക്തമാക്കി.
നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപേ സമാധാനക്കരാറിലെത്തുകയെന്നതാണ് ബൈഡൻ ഭരണകൂടത്തിന്റെ ലക്ഷ്യം. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിർത്തലിൽ ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങും. സഹായവിതരണത്തിന് അവസരമൊരുക്കും. ഈ കാലയളവിൽ ഹമാസ്–ഇസ്രയേൽ ചർച്ചകളിലൂടെ രണ്ടാം ഘട്ടത്തിൽ ബന്ദികളെ മോചിപ്പിക്കാൻ ധാരണയുണ്ടാക്കും. പകരം ഇസ്രയേൽ പലസ്തീൻ തടവുകാരെയും മോചിപ്പിക്കും. ഇതിനിടെ സ്ഥിരം വെടിനിർത്തൽ ചർച്ചയും ആരംഭിക്കും–ഇതാണു നിലവിൽ യുഎസ് മുന്നോട്ടുവച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണു സമാധാനചർച്ച നടക്കുക.