പാതിവില തട്ടിപ്പ് : KN ആനന്ദകുമാറിൻ്റെ എൻജിഒ കോൺഫെഡറേഷനിൽ അനന്തുകൃഷ്ണൻ സ്ഥാപകാംഗം

തിരുവനന്തപുരം:പാതി വില തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന സായ് ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എന്‍.ആനന്ദകുമാറിന്റെ വാദം അസത്യമെന്നു തെളിയുന്നു .എൻജിഒ കോൺഫെഡറേഷൻ എന്ന ട്രസ്റ്റിന്റെ പൂർണ അധികാരി ആനന്ദകുമാറെന്നും തെളിയിക്കുന്ന ട്രസ്റ്റ് ഡീഡ് ഒരു ദേശീയ ചാനൽ പുറത്തുവിട്ടു. തട്ടിപ്പു കേസിൽ അറസ്‌റ്റിലായ മുഖ്യപ്രതി അനന്തു കൃഷ്ണൻ ട്രസ്റ്റിലെ സ്ഥാപകാംഗമാണ്. കെ എൻ ആനന്ദ് കുമാർ, , ഷീബ സുരേഷ്, ജയകുമാരൻ നായർ, ബീന സെബാസ്റ്റ്യൻ എന്നിവരാണ് കോൺഫെഡറേഷനൈൽ മറ്റ് സ്ഥാപക അംഗങ്ങൾ .അഞ്ച് പേർക്കും പിന്തുടർച്ചാവകാശമുണ്ടെന്നും രേഖകളിൽ പറയുന്നു. കൂടുതൽ അംഗങ്ങളെ നിർദ്ദേശിക്കാനുള്ള അധികാരവും ചെയർമാനായ ആനന്ദകുമാറിനാണ്. ആജീവനാന്തന ചെയർമാനാണെങ്കിലും ആനന്ദ് കുമാറിന് എപ്പോ വേണമെങ്കിലും രാജി വയ്ക്കാം. പുതിയ ആളെ നിർദ്ദേശിക്കാനുള്ള അധികാരവും ആനന്ദ് കുമാറിനാണ്.
ആനന്ദകുമാറിന്‍റെ മുന്‍വാദങ്ങളുടെ മുനയൊടിക്കുന്ന രേഖയ്ക്ക് കേസ് അന്വേഷണത്തില്‍ നിര്‍ണായക സ്ഥാനമുണ്ടെന്ന് ക്രൈംബ്രാഞ്ചും വിലയിരുത്തുന്നു. ആനന്ദകുമാറിന്‍റെ പങ്കിനെ കുറിച്ചുളള തന്‍റെ വാദങ്ങള്‍ ശരിവയ്ക്കുന്ന രേഖകളാണ് പുറത്തു വന്നതെന്ന് കേസിലെ മറ്റൊരു പ്രതിയും അനന്ദുകൃഷ്ണന്‍റെ നിയമോപദേഷ്ടാവുമായ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റും അവകാശപ്പെടുന്നു.
ജസ്റ്റിസ് സിഎന്‍.രാമചന്ദ്രന്‍ നായരായിരിക്കും ഉപദേശക സമിതിയുടെ ചെയര്‍മാനെന്ന കാര്യവും ട്രസ്റ്റ് ഡീഡില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അനന്തു കൃഷ്ണന്‍റെ ഉടമസ്ഥതയിലുളള പ്രൊഫഷണല്‍ സര്‍വീസസ് ഇന്നവേഷന്‍ എന്ന സംഘടനയ്ക്കാവും പാതിവിലയ്ക്ക് സാധനങ്ങള്‍ നല്‍കുന്നതിന്‍റെ ഉത്തരവാദിത്തമെന്നതും രേഖയിലുണ്ട്.