‘അരമണിക്കൂര്‍ വൈകിയതിനു മെമ്മോ, ഞായറാഴ്ചയും ഡ്യൂട്ടിക്ക് കയറാന്‍ നിര്‍ദേശം’; കലക്ടർക്കെതിരെ നിർണായക മൊഴി

0

 

തിരുവനന്തപുരം∙  എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയന്റ് കമ്മിഷണര്‍ എ.ഗീത നടത്തിയ അന്വേഷണത്തില്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ പ്രതിരോധത്തിലാക്കി കലക്ടറേറ്റ് ജീവനക്കാരുടെ നിര്‍ണായക മൊഴി. കലക്ടറുമായി നവീന്‍ ബാബു അത്ര നല്ല ബന്ധം സൂക്ഷിച്ചിരുന്നില്ലെന്നാണ് ജീവനക്കാര്‍ മൊഴി നല്‍കിയിരിക്കുന്നത്. നവീന്‍ ബാബു കണ്ണൂരില്‍ എഡിഎം ആയി ജോലിയില്‍ പ്രവേശിച്ച ദിവസം അരമണിക്കൂര്‍ വൈകി എത്തിയതിനു കലക്ടര്‍ മെമ്മോ നല്‍കിയിരുന്നുവെന്നും ജീവനക്കാര്‍ അറിയിച്ചു. അന്നു മുതല്‍ ഇരുവരും അകല്‍ച്ചയിലായിരുന്നു.

അവധി നല്‍കുന്നതില്‍ കലക്ടര്‍ സ്വീകരിച്ചിരുന്ന സമീപനവും നവീന്‍ ബാബുവിന് മാനസികവിഷമം ഉണ്ടാക്കുന്ന തരത്തിലായിരുന്നു. ഞായറാഴ്ച പോലും ഡ്യൂട്ടിക്ക് കയറാന്‍ നിര്‍ദേശിച്ചിരുന്നു. കലക്ടറുമായി സംസാരിക്കാന്‍ പോലും നവീന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും ജീവനക്കാരുടെ മൊഴിയിലുണ്ട്. യാത്രയയപ്പ് യോഗത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ നവീന്‍ ബാബു തന്നെ വന്ന് കണ്ട് തനിക്കു തെറ്റു പറ്റിയെന്ന് പറഞ്ഞുവെന്ന കലക്ടറുടെ വാദങ്ങളെ തള്ളുന്നതാണ് ജീവനക്കാര്‍ റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ നല്‍കിയിരിക്കുന്ന മൊഴി.

കലക്ടറുമായി നവീന്‍ ബാബുവിന് യാതൊരു ആത്മബന്ധവും ഉണ്ടായിരുന്നില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞിരുന്നു. കലക്ടര്‍ പറയുന്നതു നുണയാണെന്നും മഞ്ജുഷ വ്യക്തമാക്കിയിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് ജീവനക്കാരും ഇവരുടെ ബന്ധത്തെക്കുറിച്ച് മൊഴി നല്‍കിയിരിക്കുന്നത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് താന്‍ എത്തിയത് കലക്ടറുടെ ക്ഷണപ്രകാരമാണെന്നാണ് കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് പി.പി.ദിവ്യ ആവര്‍ത്തിക്കുന്നത്. എന്നാല്‍ കലക്ടര്‍ ഇതു നിഷേധിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *