ഹാജിമാർക്ക് ഗതാഗതത്തിനായി പുത്തൻ അനുഭവം ഒരുക്കാൻ സൗദി അറേബ്യ
റിയാദ്:ഹാജിമാർക്ക് ഗതാഗത മേഖലയിൽ പുത്തൻ അനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്‌ഥാനത്തിൽ പറക്കും ടാക്സികളും ഡ്രോണുകളു ഉണ്ടാകുമെന്ന് സഊദി ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് ബിൻ നാസർ അൽജാസർ വ്യക്തമാക്കി.
ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഹാജിമാർക്ക് ഒരുക്കുകയെന്നും മന്ത്രി പറഞ്ഞു. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്കാണ് പറക്കും ടാക്‌സികൾ നിശ്‌ചയിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ പറക്കും ടാക്‌സി രംഗത്ത് സഊദിയിൽ വൻകിട കമ്പനികൾക്കിടയിൽ മത്സരം മുറുകുമെന്നും ഗതാഗത മേഖലയിൽ ആധുനിക രീതികൾ കൂടുതൽ പരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
പറക്കും ടാക്സി സാങ്കേതിക വിദ്യകളെക്കുറിച്ചും അവയുടെ പരിസ്‌ഥിതി അനുയോജ്യതയെക്കുറിച്ചും ഹജ് സീസണിലെ പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി പഠിക്കും. ശേഷം മറ്റു സീസണുകളിലും ഇവ ഉപയോഗപ്പെടുത്തും. കര, കടൽ, വായു യാത്രയ്ക്ക് ഹാജിമാർക്ക് എല്ലാ വിധ സൗകര്യങ്ങളും സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഹാജിമാർ സഊദിയിലെത്തി തിരിച്ചുപോകുന്നത് വരെ ഗതാഗത രംഗത്ത് അവരെ സേവിക്കാൻ 38000ത്തിലധികം ഉദ്യോഗസ്‌ഥരുണ്ടായിരുന്നു.