ഹജ്ജ് തീർത്ഥാടകർക്കായി ഹജ്ജ് സുവിധ ആപ്പുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടകർക്കായി യാത്ര എളുപ്പമാക്കാൻ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ഹജ്ജ് സുവിധ എന്നാണ് ആപ്പിന്റെ പേര്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി ആപ്പ് ഉദ്ഘാടനം ചെയ്തു. ഇന്നുമുതൽ പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാണ്.
തീർത്ഥാടനത്തിന് 15 ദിവസം മുന്നോടിയായി ആപ്പ് പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. തീർത്ഥാടനത്തിന് പോകുന്നവർക്ക് പരിശീലന മൊഡ്യൂളുകൾ, ഫ്ലൈറ്റിന്റെ വിശദാംശങ്ങൾ, താമസസൗകര്യം, എമർജൻസി ഹെൽപ്പ് ലൈൻ, ആരോഗ്യം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതിനായുള്ള സംവിധാനം ഹജ്ജ് സുവിധ ആപ്പിലുണ്ട്. ബിസാഗ്-എൻ വികസിപ്പിച്ചെടുത്ത ഹജ്ജ് സുവിധ ആപ്പ് ഒരു ഗെയിം ചേഞ്ചർ ആകുമെന്നാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നത്. ഹജ്ജ് സുവിധ ആപ്പ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ഹജ്ജ് ഗൈഡ്-2024ഉം സ്മൃതി ഇറാനി പുറത്തിറക്കി.
ഡിജിറ്റൽ ഖുറാൻ, നിസ്കാര സമയം എന്നിവയടക്കം ആപ്പിലുണ്ടാകും. അടുത്തുള്ള റെസ്റ്റോറന്റ്, ഷോപ്പിംഗ് സെന്റർ, ആശുപത്രി-ഫാർമസി സൗകര്യങ്ങൾ എന്നിവയും ആപ്പിലൂടെ കണ്ടുപിടിക്കാം. കൂട്ടം തെറ്റിയാലും ആപ്പ് സഹായിക്കും. ലഗേജ് തെറ്റിയാൽ ക്യൂആർ കോഡ് ഉപയോഗിച്ച് കണ്ടെത്താനുള്ള സൗകര്യമുണ്ടാകും. ആദ്യമായി ഹജ്ജ് യാത്രയ്‌ക്ക് പോകുന്നവർക്ക് ക്ലേശങ്ങൾ കൂടാതെ യാത്ര ചെയ്യാനും ആപ്പ് സഹായിക്കുന്നതാണ്.