ഹജ്ജ് 2025- ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ

മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയായ തീർത്ഥാടകരുടെ മടക്കയാത്ര ജൂൺ 25 ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള തീർത്ഥാടകരാണ് ആദ്യം നാട്ടിലേക്ക് എത്തുന്നത്. കൊച്ചിൻ എംബാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയായ തീർത്ഥാടകർ ജൂൺ 26നും, കണ്ണൂരിൽ നിന്നും യാത്രയായ ഹജ്ജ് തീർത്ഥാടകർ ജൂൺ 30 മുതലുമാണ് തിരിച്ചെത്തുക.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്തെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ വഴി 16,482 തീർത്ഥാടകരാണ് ഇത്തവണ ഹജ്ജ് കർമ്മത്തിനായി പുറപ്പെട്ടിരുന്നത്. ഇതിൽ 16,040 പേർ സംസ്ഥാനത്ത് നിന്നുള്ളവരും 442 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആയിരുന്നു.