25 ലക്ഷത്തിന്റെ വോട്ടുകൊള്ള : എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി

0
RRG VOTE

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്ക് വോട്ട് മോഷണത്തിനുള്ള എല്ലാ സഹായവും നല്‍കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെയുള്ള രാഹുലിന്റെ രൂക്ഷവിമര്‍ശനം.

‘സ്വീറ്റി, സീമ, സരസ്വതി’ എന്നീ വ്യത്യസ്ത പേരുകളില്‍ ഒരു യുവതി 22 തവണ പത്തു ബൂത്തുകളിലായി വോട്ട് ചെയ്‌തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതിന്റെ രേഖകളും രാഹുല്‍ പുറത്തുവിട്ടു. ഇത്തരത്തില്‍ വോട്ട് ചെയ്ത യുവതി ബ്രസീലീയന്‍ മോഡല്‍ മതിയൂസ് ഫെരെരോയാണെന്നും രാഹുല്‍ പറഞ്ഞു. ഹരിയാനയിലെ കോണ്‍ഗ്രസിന്റെ വിജയം പരാജയമാക്കി. എക്‌സിറ്റുപോളുകളും പോസ്റ്റല്‍ വോട്ടുകളുമെല്ലാം കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. അവിടെ 1.18 ലക്ഷം വോട്ടാണ് കോണ്‍ഗ്രസ് – ബിജെപി അന്തരമുണ്ടായതെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് തോറ്റ 8 മണ്ഡലങ്ങളില്‍ ആകെ വോട്ടു വ്യത്യാസം 22,729 മാത്രമാണ്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വലിയ ഗൂഢാലോചന നടന്നെന്നും ഇത് ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും രാഹുല്‍ പറഞ്ഞു.

ഹരിയാനയില്‍ നടന്നത് ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരിയാണെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വോട്ട് കൊള്ള ഏതെങ്കിലും സീറ്റുകളില്‍ മാത്രമായി സംഭവിക്കുന്നതല്ല. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ആസൂത്രിതമായി നടക്കുന്നതാണ്.
5,21,619 ഡൂപ്ലിക്കേറ്റ് വോട്ടര്‍മാരുണ്ടായി. 93,174 വ്യാജ വിലാസങ്ങളുണ്ടായെന്നും രാഹുല്‍ ആരോപിച്ചു. ഇത് വീണ്ടും പരിശോധിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞിരിക്കുകയാണ്. ഒരു വോട്ടര്‍ ഐഡിയില്‍ ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ മാത്രം നൂറ് വോട്ടുകളാണുള്ളത്. ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് പോളിങ് ബൂത്തില്‍ മാത്രം 223 വോട്ടുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

നേരത്തെ കര്‍ണാടകയിലെ വോട്ടുചോരിയുമായി ബന്ധപ്പെട്ട് രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ബിഹാര്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് രാഹുലിന്റെ വാര്‍ത്താ സമ്മേളനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *