ജിം സന്തോഷ് വധക്കേസിലെ പ്രതികളായ ആറ് പേർക്കെതിരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കൽ

കരുനാഗപ്പള്ളി : ജിം സന്തോഷ് വധക്കേസിലെ പ്രതികളായ ആറ് പേർക്കെതിരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിന് ഉത്തരവായി. കരുനാഗപ്പള്ളി മഠത്തിൽ കാരായ്മ കൃഷ്ണ വിലാസത്തിൽ അശോകൻ മകൻ അലുവാ എന്ന അതുൽ(29), തഴവ, വടക്കുംമുറി മേക്ക് കളരിക്കൽ വീട്ടിൽ വിക്രമൻ മകൻ കൊച്ചുമോൻ എന്ന രാജീവ്(35), ഓച്ചിറ, മേമന ലക്ഷ്മി ഭവനത്തിൽ ലക്ഷ്മികുട്ടി മകൻ കുക്കു എന്ന മനു(30), ഓച്ചിറ, മേമന അങ്ങാടി കിഴക്കേതിൽ വീട്ടിൽ അനന്തകൃഷ്ണ പിള്ള മകൻ മൈന ഹരി എന്ന ഹരികൃഷ്ണൻ(28), ഓച്ചിറ പായിക്കുഴി മോഴൂർ തറയിൽ വീട്ടിൽ ജഗതല പ്രതാപൻ മകൻ പ്യാരി(25), ഓച്ചിറ, ചങ്ങൻകുളങ്ങര പുതുക്കാട്ട് കിഴക്കതിൽ മോഹനൻ മകൻ പങ്കജ്(35) എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്.
കരുനാഗപ്പള്ളി, ഓച്ചിറ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യ്തിട്ടുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവരെല്ലാം. കാലാകാലങ്ങളിൽ ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നിർബാധം തുടർന്നതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കാപ്പാ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്. പ്രമാദമായ കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലും ഇവർ പ്രതികളാണ്. ഇവരിൽ പ്യാരി, അതുൽ എന്നിവരെ മുമ്പ് 2 തവണയും പങ്കജ്, മനു എന്നിവരെ ഓരോ തവണയും കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതാണ്.
വ്യക്തികൾക്ക് നേരെയുള്ള കൈയ്യേറ്റം, അതിക്രമം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, നരഹത്യാശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം, കൊലപാതകശ്രമം, കൊലപാതകം, എന്നിങ്ങനെയുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ കളക്ടർ ദേവിദാസ് എൻ ഐ.എ.എസ് ആണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓച്ചിറ പോലീസ് ഇൻസ്‌പെക്ടർ സുജാതൻപിളളയുടെ നേതൃത്വത്തിൽ എസ്.ഐ റിനോക്‌സ്, സി.പി.ഓ മാരായ ബിജി, വൈശാഖ്, അനീസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ കരുതൽ തടവിൽ പാർപ്പിക്കുന്നതിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.