കണ്ണനെ കണി കാണാൻ വൻ ഭക്തജനത്തിരക്ക്.
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ണനെ കണി കാണാൻ വൻ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 2.42ന് വിഷുക്കണി ദർശനം ആരംഭിച്ചു. രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്പൂതിരിമാർ ക്ഷേത്ര മുഖമണ്ഡപത്തില്‍ കണി ഒരുക്കി വച്ചിരുന്നു.
പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ. വിളക്കുകള്‍ തെളിയിച്ചു. മേല്‍ശാന്തി ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ചു. ഗുരുവായൂരപ്പനെ കണികാണിച്ച ശേഷം കിഴക്കേഗോപുരവാതില്‍ തുറന്നു. തുടർന്ന് ഭക്തർക്ക് കണികാണാനുള്ള സൗകര്യം ഒരുക്കി. കണി ദർശനം കഴിഞ്ഞവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകി.
വിഷുക്കണി ദർശനം സുഗമമാക്കാൻ ദേവസ്വം, പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ ഭക്തർ പാലിക്കണമെന്നും വിഷുദിന ക്രമീകരണങ്ങൾ ഫലപ്രദമാകാൻ എല്ലാ ഭക്തരുടെയും നിർലോഭമായ സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ ഡോ.വി.കെ.വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും അഭ്യർത്ഥിച്ചു.